‘കെ.ടി ജലീൽ പോയാൽ നാട്ടിലെ ആളുകൾ പോയിട്ട് വീട്ടിലെ ആടുകൾ പോലും കരയില്ല’; പരിഹാസവുമായി ഫാത്തിമ തഹ്‍ലിയ

വടകര ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഷാഫി പറമ്പിലിനെ നിയോഗിച്ചതിനെ തുടർന്ന് പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ നൽകിയ വൈകാരിക യാത്രയയപ്പിനെ പരിഹസിച്ച കെ.ടി ജലീൽ എം.എൽ.എക്കെതിരെ പരിഹാസവുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റും ഹരിത സംസ്ഥാന പ്രസിഡന്റുമായിരുന്ന ഫാത്തിമ തഹ്‍ലിയ. മിസ്റ്റർ KT (കുറ്റിപ്പുറം തവനൂർ) ജലീൽ പോയാൽ നാട്ടിലെ ആളുകൾ പോയിട്ട്, വീട്ടിലെ ആടുകൾ പോലും കരയില്ലെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്വന്തം വീട് നിൽക്കുന്ന കോട്ടക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നതെന്നും അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണമെന്നും അവർ കൂട്ടിച്ചേർത്തു.

പാലക്കാട്ടുകാർ സങ്കടപ്പെടേണ്ടെന്നും നിങ്ങളുടെ എം.എൽ.എ സുഖമായി പാലക്കാട്ട് തിരിച്ചെത്തുമെന്നും കെ.ടി ജലീൽ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം. തിരിച്ച് വരുമ്പോൾ കരയാൻ മറ്റൊരു സംഘത്തെ ഏർപ്പാടാക്കുന്നതാകും ഉചിതം. ശൈലജ ടീച്ചറോട് മത്സരിച്ച് തോറ്റ് തൊപ്പിയിടാൻ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കാണറിയാത്തത്?. പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിന്റെ തനിയാവർത്തനമാണ് പാലക്കാട്ട് നടന്നത്. വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിങ് വിസയെടുത്തെത്തിയ 'അതിഥി മരുമകനെ' നന്നായി സൽക്കരിച്ച് പാലക്കാട്ടേക്ക് തന്നെ വടകരക്കാർ തിരിച്ചയക്കും.  വടകരയിൽ കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ടെന്നും അത് ലീഗിൻ്റെ പണത്തിൻ്റെ പുളപ്പാണെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫാത്തിമ തഹ്‍ലിയയുടെ പോസ്റ്റ്.

ഫാത്തിമ തഹ്‍ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മിസ്റ്റർ KT (കുറ്റിപ്പുറം തവനൂർ) ജലീൽ,

സ്വന്തം വീട് നിൽക്കുന്ന കോട്ടക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നത്. അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണം കേട്ടോ..താങ്കൾ പോയാൽ നാട്ടിലെ ആളുകൾ പോയിട്ട്, വീട്ടിലെ ആടുകൾ പോലും കരയില്ല!

Full View

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സങ്കടപ്പെടേണ്ട! എം.എൽ.എ സുഖമായി പാലക്കാട്ട് തിരിച്ചെത്തും.
പാലക്കാട്ടുകാർ 'കരയ'ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം. തിരിച്ച് വരുമ്പോൾ കരയാൻ മറ്റൊരു സംഘത്തെ ഏർപ്പാടാക്കുന്നതാകും ഉചിതം. പാലക്കാട്ടെ ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ ജില്ലാ ബ്യൂറോകൾ ജാഗ്രതയോടെ ഇരുന്നാൽ ആ രംഗവും നന്നായി കാമറയിൽ പകർത്താം.

വടകരയിൽ ഇന്ന് കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട. അത് ലീഗിൻ്റെ പണത്തിൻ്റെ പുളപ്പാണ്. ഇതിനെക്കാൾ വലിയ നോട്ടുകെട്ടുകളുടെ പിൻബലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിമർത്താടിയ വമ്പൻമാർ മൂക്ക്കുത്തി വീണ മണ്ണിൽ ശൈലജ ടീച്ചർ വിജയക്കൊടി പാറിക്കും. തീർച്ച.

Full View

സോഷ്യൽ മീഡിയയിൽ 10 ലക്ഷം ഫോളോവേഴ്സുള്ള ഒരു ''ചാരിറ്റി മാഫിയാ തലവനെയാണ്" പണം വാങ്ങി 'ചിലർ' എനിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പടക്കിറക്കിയത്. "പാവങ്ങളുടെ കപട തലവൻ്റെ" മാസ് എൻട്രിയെ ഒർമിപ്പിക്കുന്നതായിരുന്നു വടകരയിലെ സോഷ്യൽ മീഡിയ പി.ആർ വീരന്റെ ഇന്നത്തെ രംഗപ്രവേശം.

ലീഗ് മൂന്നാം സീറ്റായി ചോദിച്ചിരുന്നത് വടകരയോ കാസർഗോഡോ ആണ്. ലീഗിന് കിട്ടിയ മൂന്നാം സീറ്റെന്ന മട്ടിലാണ് വടകര മണ്ഡലത്തിലെ ലീഗണികളുടെ അഹങ്കാരത്തിമർപ്പ്. അതിന് രണ്ടുമാസത്തെ ആയുസ്സേ ഉള്ളൂ. കോലീബി ഉൾപ്പടെ എല്ലാ അലവലാതികളും ഒത്തുപിടിച്ചിട്ടും തവനൂരിൽ ചെങ്കൊടി താഴ്ത്തിക്കെട്ടാൻ കഴിഞ്ഞില്ല. വടകരയിലേക്ക് രണ്ടുമാസത്തിന് വിസിറ്റിംഗ് വിസയെടുത്തെത്തിയ 'അതിഥി മരുമകനെ' നന്നായി സൽക്കരിച്ച് പാലക്കാട്ടേക്ക് തന്നെ വടകരക്കാർ തിരിച്ചയക്കും. റംസാൻ കാലം ആയത് കൊണ്ട് അപ്പത്തരങ്ങൾക്ക് പഞ്ഞമുണ്ടാകില്ല.

അറുപതിനായിരത്തിലധികം വോട്ടുകൾക്ക് മട്ടന്നൂരിൽ നിന്ന് ജയിച്ച ശൈലജ ടീച്ചർ പോന്നപ്പോൾ ആരും കരഞ്ഞില്ല പോലൊ! 3500 വോട്ടിന് ജയിച്ച പാലക്കാട് എം.എൽ.എ വടകരയിലേക്ക് പോന്നപ്പോൾ പാലക്കാട്ടുകാർ മുഴുവൻ കരഞ്ഞുവെന്നാണ് യൂത്തൻമാരുടെ വീമ്പു പറച്ചിൽ. ശൈലജ ടീച്ചറോട് മൽസരിച്ച് തോറ്റ് തൊപ്പിയിടാൻ വേണ്ടി പോകുന്നതിനാണ് ആളെ വേഷംകെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കാണറിയാത്തത്? പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി മണ്ഡലം മാറുന്നു എന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിൻ്റെ തനിയാവർത്തനമാണ് പാലക്കാട്ട് നടന്നത്. അത് പക്ഷെ മാധ്യമങ്ങൾ എത്ര സമർത്ഥമായാണ് മൂടിവെച്ചത്!

സാധാരണക്കാരുടെ വികാരവിചാരങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ള സഖാവ് ശൈലജ ടീച്ചറെ പാർലമെൻ്റിലേക്കയച്ച്, കാലം തങ്ങളിലേൽപ്പിച്ച ദൗത്യം വടകര പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർമാർ ഭംഗിയായി നിർവ്വഹിക്കും. കാത്തിരിക്കാം, ആ സന്തോഷ വാർത്ത കേൾക്കാൻ.

Tags:    
News Summary - 'If KT Jaleel goes, even the sheep of the house will not cry'; Fathima Thahiliya with sarcasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.