കൊച്ചി: തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾ കൊച്ചി ഡി.സി.പി ഓഫിസിലെത്തി കീഴടങ്ങിയത്. യുവതിയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെയാണ് പ്രതി സുകാന്ത് സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്. സുകാന്തിനോട് കീഴടങ്ങാൻ നിർദേശിച്ച കോടതി, കേസിൽ പുറത്ത് വന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധിയായ തെളിവുകൾ പ്രതിക്കെതിരെ പുറത്ത് വരേണ്ടതുണ്ട് എന്നും നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് വിധി. ഒന്നിലേറെ ബന്ധങ്ങളുമായാണു പ്രതി മുന്നോട്ടു പോയതെന്നും മരിച്ച യുവതി തന്റെ ശമ്പളം പോലും പ്രതിക്ക് അയച്ചു കൊടുത്തിരുന്നുവെന്നും എല്ലാ വിധത്തിലും യുവതിക്കു മേൽ പ്രതി ആധിപത്യം സ്ഥാപിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ സുകാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.