ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരെയും മോഡലിനെയും എട്ടുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനുശേഷം എക്സൈസ് സംഘം വിട്ടയച്ചു. രാവിലെ 10ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വരെ തുടർന്നു. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരുടെ അറസ്റ്റ് ഉടൻ വേണ്ടെന്നാണ് തീരുമാനമെന്നറിയുന്നു. രണ്ടാമതും ചോദ്യം ചെയ്യലിന് വിളിപ്പിക്കും.
കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം അറസ്റ്റ് മതി എന്നാണ് വിലയിരുത്തൽ. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് എക്സൈസ് നീക്കം. ആദ്യം നടൻ ഷൈൻ ടോം ചാക്കോയാണ് ആലപ്പുഴയിലെ എക്സൈസ് സർക്കിൾ ഓഫിസിൽ എത്തിയത്.
തുടര്ന്ന് 8.10ഓടെ ശ്രീനാഥ് ഭാസിയും 8.30ഓടെ മോഡൽ സൗമ്യയും ഹാജരായി. രാവിലെ ഒമ്പതോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. സൗമ്യയിൽനിന്നാണ് എക്സൈസ് ആദ്യം മൊഴിയെടുത്തത്. തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യങ്ങളിലേറെയും. തുടർച്ചയായി നാലുമണിക്കൂറോളം എക്സൈസ് അസിസ്റ്റന്റ് കമീഷണർ എസ്.അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ, ഷൈൻ ടോം ചാക്കോയിൽനിന്ന് വിവരങ്ങൾ തേടി. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു.
ഇതിന് ശേഷമാണ് ശ്രീനാഥ് ഭാസിയിൽനിന്ന് വിവരങ്ങൾ തേടിയത്. വൈകീട്ട് 7.10 ഓടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി സൗമ്യയെ വിട്ടയച്ചു. അതിനുശേഷം ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്ക് മാറ്റി. 8.30ഓടെ ശ്രീനാഥ് ഭാസിയെയും വിട്ടയച്ചു.
മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘം ചോദ്യം ചെയ്യൽ നടത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ ബാങ്കിടപാടുകളെ സംബന്ധിച്ചാണ് മോഡൽ കെ.സൗമ്യയോട് ചോദിച്ചത്. ആറുമാസത്തിനിടെയുള്ള ബാങ്കിടപാടുകൾ മാത്രം 150 പേജുകളുണ്ട്. അതിൽ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി ഒരുതവണ 25,000 രൂപയുടെ ഇടപാടുണ്ട്. ബാക്കിയുള്ളതെല്ലാം 4000 രൂപയുടേതും മറ്റുമായ ചെറിയ ഇടപാടുകളാണ്. വലിയ തുക സ്ത്രീ ഇടപാടാണെന്നും സംശയമുണ്ട്.
മോഡലുമായി ചേർന്ന് തസ്ലീമ സിനിമാ മേഖലയിലുള്ളവർക്ക് സ്ത്രീകളെ കൈമാറിയെന്നാണ് സംശയം. ‘റിയൽ മീറ്റി’നുള്ള കമീഷനാണ് തസ്ലീമയുമായിട്ടുള്ള ഇടപാടെന്നും സൗമ്യ മൊഴി നൽകി. തസ്ലീമയുമായി അഞ്ചുവർഷത്തെ ബന്ധമുണ്ട്. ലൈംഗിക ഇടപാടിലൂടെയാണ് പരിചയപ്പെടുന്നത്. ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. അവർ സുഹൃത്തുക്കളാണ്.
ലഹരി ഇടപാടിനെക്കുറിച്ച് അറിയില്ല, ലഹരി ഇടപാടിൽ ബന്ധമില്ലെന്നുമാണ് മൊഴി. ചൊവ്വാഴ്ച പ്രമുഖ റിയാലിറ്റി ഷോയിലെ താരവും സിനിമാ മേഖലയിലെ അണിയറ പ്രവർത്തകനും ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനക്ക് (ക്രിസ്റ്റീന-41) രണ്ട് നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, കഞ്ചാവ് ഇടപാട് സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. പിന്നെ എന്താണ് ബന്ധമെന്ന് കണ്ടെത്താനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.