ഭക്തർക്ക് ഉടൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ദേവസ്വം കമ്മീഷണർ, സംസ്ഥാന പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതികൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശിച്ചു.

ഇപ്പോൾ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നാണ് പരാതിയെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അടിയന്തിര നടപടികൾ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടി.

അയ്യപ്പ ഭക്തർക്ക് ശുചി മുറി പോലും നിഷേധിക്കുന്നതായി പരാതിയിൽ പറയുന്നു. ഉള്ള ശുചി മുറികളിൽ വെള്ളം നിഷേധിക്കുന്നതിനാൽ പമ്പാ നദി മലിനമാകാൻ ഇടയാകുന്നു. മനുഷ്യ വിസർജ്യങ്ങൾ പമ്പാനദിയിൽ ഒഴുകി നടക്കുന്ന സാഹചര്യവുമുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്ന പൊലീസുകാർക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലെത്തുന്ന ഇതര സംസ്ഥാനക്കാരായ തീർഥാടകർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂർ, നിലക്കൽ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കമീഷൻ വ്യക്​തമാക്കി.

Tags:    
News Summary - human rights commission sabarimala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.