ലക്ഷങ്ങള്‍ കണ്ണിചേര്‍ന്നു; മനുഷ്യച്ചങ്ങലയില്‍ പ്രതിഷേധം അലയടിച്ചു

തിരുവനന്തപുരം: നോട്ട് വറുതിക്കും സഹകരണപ്രതിസന്ധിക്കുമെതിരെ പ്രക്ഷോഭമിരമ്പുന്ന മനുഷ്യക്കോട്ട തീര്‍ത്ത് കേരളത്തിന്‍െറ താക്കീത്. കണ്ണി മുറിയാത്ത ആവേശത്തില്‍ നേതാക്കളും അണികളും കൈകോര്‍ത്തതോടെ ദേശീയപാതയില്‍ പ്രതിഷേധത്തിന്‍െറ ചെമ്മതിലുകളുയര്‍ന്നു. കലാ-സാംസ്കാരിക-കായിക പ്രതിഭകള്‍, സാമൂഹികപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്‍െറ എല്ലാ തുറകളിലുള്ളവരുടെയും സാന്നിധ്യം പ്രക്ഷോഭത്തെ ജനകീയമുന്നേറ്റമാക്കി. രാജ്ഭവന്‍ മുതല്‍ കാസര്‍കോട് വരെയുള്ള 700 കിലോമീറ്റര്‍ നീളത്തിലാണ് ഒരേ മനസ്സും വികാരവുമായി പതിനായിരങ്ങള്‍ കണ്ണിചേര്‍ന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അണിചേര്‍ന്നതും വ്യത്യസ്തകാഴ്ചയായി.

രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യച്ചങ്ങലയിലെ ആദ്യ കണ്ണിയായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാരായ സി. ദിവാകരന്‍, വി. ശശി, നേതാക്കളായ ഉഴവൂര്‍ വിജയന്‍, നീലലോഹിതദാസന്‍, അഡ്വ. എന്‍. രാജന്‍, ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ ആദ്യനിരയില്‍ അണിനിരന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്ര ശേഖരനാണ് കാസര്‍കോട് മനുഷ്യച്ചങ്ങലയുടെ അവസാനകണ്ണിയായത്.

മനുഷ്യച്ചങ്ങലയില്‍ കണ്ണിചേരുന്നതിന് വൈകീട്ട് നാല് മുതല്‍ തന്നെ വിവിധകേന്ദ്രങ്ങളിലേക്ക് ജനം ഒഴുകിയത്തെി. രാജ്ഭവനിലും പരിസരത്തും പതിനായിരങ്ങളാണ് ചങ്ങലയില്‍ പങ്കാളികളാകാനും പൊതുസമ്മേളനത്തിനുമായി എത്തിയത്. പൊതുയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്ഭവന് മുന്നില്‍ നിന്നാരംഭിച്ച് ആലപ്പുഴ വഴി തൃശൂര്‍, ചെറുതുരുത്തി, നീലിയാട്, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോട് ടൗണ്‍ വരെ ചങ്ങല നീണ്ടു. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണിചേര്‍ന്നു.

മലയോരമേഖലകളായ ഇടുക്കിയിലും വയനാട്ടിലും മനുഷ്യമതിലുകളുയര്‍ന്നു. എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് പുറമേ ഇടതുപക്ഷവുമായി സഹകരിക്കുന്ന ജെ.എസ്.എസ്, ഐ.എന്‍.എല്‍, സി.എം.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ആര്‍. ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി.

Tags:    
News Summary - human chain massess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.