കാളികാവ്: ജയ്പുർ ആസ്ഥാനമായ കമ്പനിയുടെ പേരിലുള്ള നിക്ഷേപതട്ടിപ്പിൽ നിരവധി കുടുംബങ്ങൾക്ക് പണം നഷ്ടപ്പെട്ടു. ചോക്കാട് പഞ്ചായത്തിലെ മരുതങ്കാട്, കല്ലാമൂല, മമ്പാട്ടുമൂല തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകതട്ടിപ്പ് നടന്നത്. ജയ്പുർ ആസ്ഥാനമായ പി.എ.സി.എൽ ലിമിറ്റഡ് കമ്പനിയുടെ പേരിലാണ് പണം പിരിച്ചത്. ‘ഇൻസ്റ്റാൾമെൻറ് പേമെൻറ് പ്ലാൻ’ സ്കീമിൽ പ്രതിമാസം 160 മുതൽ 1000 രൂപ വരെയുള്ള തവണകളാണ് സ്വീകരിച്ചിരുന്നത്. നിശ്ചിത തുക അഞ്ചു വർഷം അടക്കുമ്പോൾ അടച്ച സംഖ്യയുടെ ഇരട്ടി തുക തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. 2009 മുതലാണ് ചോക്കാട്ട് കമ്പനിയുടെ പിരിവ് തുടങ്ങിയത്. ഇപ്രകാരം പണമടച്ച നൂറുകണക്കിന് കുടുംബങ്ങളാണ് കെണിയിൽപെട്ട് നട്ടംതിരിയുന്നത്.
10,000 മുതൽ 60,000 രൂപ വരെ നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്. പത്തു വർഷമായിട്ടും അടച്ച തുകപോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. പ്രദേശത്തെ ഒരു പോസ്റ്റ്മാനും മറ്റൊരു ബാങ്ക് കലക്ഷൻ ഏജൻറുമാണ് ഇവരെ സ്കീമിൽ ചേർത്തതും പണം പിരിച്ചതും. ഇതാണ് ജനങ്ങൾക്ക് വിശ്വാസമുണ്ടാകാൻ കാരണം. തൊഴിലുറപ്പ് തൊഴിലാളികളടക്കമുള്ളവരാണ് ഇവരുടെ വലയിൽ കുടുങ്ങിയത്.
സ്കീമിന്റെ പകുതി തുക അടക്കുമ്പോൾ അവരുടെ മൊത്തം തുകക്കുള്ള ഭൂമി വാങ്ങുമെന്നും അത് വിറ്റ് കിട്ടുന്ന ലാഭവും വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. ജില്ലയിൽ വിവിധയിടങ്ങളിലായി ആയിരങ്ങൾ തട്ടിപ്പിനിരയായെന്നാണ് അറിയുന്നത്. വിശ്വാസം നേടിയെടുക്കാൻ പലർക്കും അടച്ച തുകയുടെ ഇരട്ടിതുക നൽകുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.