തളിപ്പറമ്പ്: കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. 400ഓളം വാഹനങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ. കോടികളുടെ നഷ്ടം സംഭവിച്ചതായി കരുതുന്നു. നാലു മണിക്കൂർ പാടുപെട്ടാണ് തീയണച്ചത്. കാറുകൾ, ബൈക്കുകൾ, ലോറികൾ, ജീപ്പുകൾ, ഓട്ടോറിക്ഷ തുടങ്ങിയ വിവിധ തരം വാഹനങ്ങളാണ് കത്തിയമർന്നത്. വിവിധ കേസുകളിൽ ഉൾപ്പെട്ട് തളിപ്പറമ്പ്, പഴയങ്ങാടി, പരിയാരം, ആലക്കോട്, മയ്യിൽ തുടങ്ങിയ സ്റ്റേഷനുകളിൽ പിടികൂടിയ വാഹനങ്ങളാണ് ഡംപിങ് യാർഡിൽ ഉണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ 11.30ഓടെ യാർഡിന്റെ കിഴക്കു ഭാഗത്താണ് തീ ആദ്യം കണ്ടത്. മിനിറ്റുകൾക്കുള്ളിൽ തീ ഡംപിങ് യാർഡിലേക്ക് പടർന്നു. ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ വളരെ വേഗത്തിൽ വാഹനങ്ങളിലേക്ക് തീ പടർന്നുപിടിച്ചു. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തിൽനിന്ന് മൂന്ന് യൂനിറ്റ് സേന സ്ഥലത്തെത്തിയെങ്കിലും ശക്തമായ പൊട്ടിത്തെറിയും തീയും പുകയും ഉണ്ടായതിനാൽ ഏറെ പാടുപെട്ടാണ് തീയണയ്ക്കൽ തുടർന്നത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന ഡീസലിനും പെട്രോളിനും തീ പിടിച്ചതിനാൽ വെള്ളത്തിൽ കെമിക്കൽ ഫോം കലർത്തിയാണ് സ്പ്രേ ചെയ്തത്. പൊട്ടിത്തെറി ശക്തമായതോടെ സ്ഥലത്തുണ്ടായിരുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സംസ്ഥാന പാതയിൽ വെള്ളാരംപാറ വഴിയുള്ള ഗതാഗതം പൂർണമായി അടച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
ഇതിനിടയിൽ കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽനിന്നായി നാലു യൂനിറ്റ് അഗ്നിരക്ഷ സേനയുമെത്തി. പ്രാദേശികമായി കുടിവെള്ള വിതരണത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് ടാങ്കറുകൾ അഗ്നിരക്ഷ സേനക്ക് വെള്ളമെത്തിച്ചുകൊടുത്തു. കൂടാതെ, അഗ്നിരക്ഷ സേനയുടെ വാഹനങ്ങൾ 40 തവണ ചവനപ്പുഴ സുപ്രഭ കലാനിലയത്തിനു സമീപത്തെ കിണറിൽ നിന്നും വെള്ളമെത്തിച്ചാണ് തീയണക്കാൻ ശ്രമിച്ചത്. പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ അഗ്നിശമന സേനാംഗങ്ങൾ സാഹസികമായാണ് വൈകീട്ട് മൂന്നരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
റീജനൽ ഫയർ ഓഫിസർ പി. രഞ്ജിത്തിന്റെയും തളിപ്പറമ്പ് ഫയർസ്റ്റേഷൻ ഓഫിസർ രാജേഷിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്. റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലത, ആർ.ഡി.ഒ ഇ.പി. മേഴ്സി, തഹസിൽദാർ പി. സജീവൻ, ഡിവൈ.എസ്.പി എം.പി. വിനോദ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. തീ നിയന്ത്രണ വിധേയമായതോടെയാണ് വെള്ളാരംപാറ വഴിയുള്ള ഗതാഗതം തുറന്നുകൊടുത്തത്. ഇവിടെ തീപിടിക്കാനുള്ള സാധ്യത സംബന്ധിച്ച് കഴിഞ്ഞ മാസം 31ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിരം തീപിടിത്തമേഖലയായ ഇവിടെ ഫയർ ബെൽറ്റ് ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കിയിരുന്നില്ലെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് അടുത്തദിവസംതന്നെ ഫയർ ബെൽറ്റ് സ്ഥാപിച്ചിരുന്നെങ്കിലും അതും മറികടന്നാണ് തീ പടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.