കൊല്ലം: കാവനാട് മണിയത്ത്മുക്കിൽ വൻ തീപിടിത്തം. ദേശീയപാതയോരത്തെ ഹാർഡ്‌വെയർ കടയിലാണ് തീപിടിത്തമുണ്ടായത്. കടയും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. മറ്റ് അത്യാഹിതങ്ങളില്ല.
സാനിറ്ററി, ഇലക്ട്രോണിക് ഉൽപന്നങ്ങളും പെയിന്‍റും പോലുള്ള സാധനങ്ങൾ വിൽക്കുന്ന ആർ.എസ് സാനിറ്ററി എന്ന കടയിൽ ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഉടമ പ്രതാപൻ രാവിലെ കട തുറന്ന് വിളക്ക് തെളിച്ച ശേഷം അടച്ച് പുറത്ത് പോയതിന് പിന്നാലെയാണ് കടക്കുള്ളിൽ തീ കത്തിപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ ആദ്യം തീയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം പടർന്നുപിടിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
പ്രദേശമാകെ കറുത്തപുക പടർന്നത് രക്ഷാപ്രവർത്തനം ദുസഹമാക്കി. കടയുടെ ഷട്ടർ പൊളിച്ചാണ് അകത്തേക്ക് വെള്ളം ഒഴിച്ചത്. അഗ്നിരക്ഷാസേന ഉദ്യോഗസസ്ഥർ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീപൂർണമായും അണച്ചത്. ചാമക്കട, കടപ്പാക്കട, ചവറ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിരക്ഷായൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ഉടമയുടെ വീടും കടയുടെ സമീപത്താണ്. ജിംനേഷ്യത്തിൽ നിൽക്കുകയായിരുന്ന താൻ വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും മിക്കവാറും സാധനങ്ങൾ കത്തിയിരുന്നതായി ഉടമ പ്രതാപൻ പറയുന്നു. മൂന്നു കോടി രൂപയുടെ സാധനങ്ങൾ കടയിലുണ്ടായിരുന്നതായും ഇദേഹം പറഞ്ഞു. തീ പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.