കേ​ര​ള ഹൈ​കോ​ട​തി വി​ധി​ എ​തി​ർ​ത്ത ടാ​റ്റ മോ​ട്ടോ​ഴ്​​സി​നോ​ട്​ സു​പ്രീം​കോ​ട​തി; നിയമഭേദഗതികൾക്കു മുമ്പ് പി.എഫ് പെൻഷൻ എങ്ങനെ?

ന്യൂഡൽഹി: പ്രോവിഡന്‍റ് ഫണ്ട് പെൻഷന്‍റെ കാര്യത്തിൽ നിയമഭേദഗതികൾ കൊണ്ടുവരുന്നതിനു മുമ്പുണ്ടായിരുന്ന സ്ഥിതി എന്തെന്ന് വ്യക്തമാക്കാൻ ടാറ്റ മോട്ടോഴ്സിനോട് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം സമർപ്പിക്കാൻ നിർദേശം നൽകിയ ബെഞ്ച് കേരള ഹൈകോടതി വിധിക്കെതിരായ വാദങ്ങൾ വ്യാഴാഴ്ച അവസാനിപ്പിക്കുമെന്നും ജീവനക്കാരുടെ വാദങ്ങൾ തുടർന്ന് കേൾക്കുമെന്നും വ്യക്തമാക്കി.

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും കേന്ദ്ര തൊഴിൽ മന്ത്രാലയവും നടത്തിയ വാദത്തെ പിന്തുണച്ച് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കരുതെന്ന് ടാറ്റ മോട്ടോഴ്സിന്‍റെ അഭിഭാഷകൻ സി.യു. സിങ് വാദിച്ചപ്പോഴാണ് ഭേദഗതികൾക്കു മുമ്പുണ്ടായിരുന്ന രീതിയുടെ വിശദാംശങ്ങൾ സുപ്രീംകോടതി ആവശ്യപ്പെട്ടത്. 2007ൽ നിയമഭേദഗതി കൊണ്ടുവരുന്നതിനു മുമ്പുള്ള അവസ്ഥ എന്തായിരുന്നു എന്ന് ജസ്റ്റിസ് ലളിത് ചോദിച്ചപ്പോൾ ഒരു നിയമഭേദഗതിയല്ല ഉണ്ടായതെന്നും 2008ലും 2009ലും ഭേദഗതി ഉണ്ടായിരുന്നുവെന്ന് സിങ് മറുപടി നൽകി. എങ്കിൽ അവ വരുന്നതിനു മുമ്പുണ്ടായിരുന്ന സാഹചര്യം അറിയിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.

നേരത്തേ നിലവിലുണ്ടായിരുന്ന രീതിയുടെ തുടർച്ചയാണോ സർക്കാർ 2014 വരെ കൊണ്ടുവന്ന ഭേദഗതികളെന്നും ബെഞ്ച് ചോദിച്ചു. പെൻഷൻ കണക്കാക്കാനുള്ള ഉയർന്ന ശമ്പളപരിധി 15,000 രൂപയാക്കിയ തീരുമാനം പുനഃസ്ഥാപിക്കണമെന്നും എത്ര ശമ്പളമുണ്ടെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം മാത്രം ജീവനക്കാരുടെ വിഹിതമായി വാങ്ങിയാൽ മതിയെന്നും സിങ് ബോധിപ്പിച്ചു. യഥാർഥ ശമ്പളത്തിന്‍റെ 8.33 ശതമാനം തങ്ങളുടെ പെൻഷൻ വിഹിതമായി ജീവനക്കാർ നൽകിയാൽ സർക്കാറും സ്ഥാപനവും അവരുടെ വിഹിതം കൂട്ടേണ്ടിവരും. ഇത് വലിയ അധിക ബാധ്യത ഇരുകൂട്ടർക്കുമുണ്ടാക്കും.

അവസാന 12 മാസത്തെ ശമ്പളത്തിന്‍റെ ശരാശരിക്കു പകരം അവസാന അഞ്ചു വർഷത്തെ ശമ്പളത്തിന്‍റെ ശരാശരി ആധാരമാക്കുന്നത് സർക്കാറിന്‍റെയും തൊഴിൽദാതാവിന്‍റെയും സാമ്പത്തികബാധ്യത കുറക്കാനാണല്ലോ എന്ന് ജസ്റ്റിസ് യു.യു. ലളിത് ചൂണ്ടിക്കാട്ടിയപ്പോൾ സി.യു. സിങ് അത് ശരിവെച്ചു. കേരള ഹൈകോടതി വിധിയെ എതിർത്ത ടാറ്റ മോട്ടോഴ്സ് അതിൽ ഉദ്ധരിച്ച കോടതിവിധികൾ കേസിനോട് ചേർന്നുനിൽക്കുന്നതല്ല എന്ന് വാദിച്ചു. കേരള ഹൈകോടതി വിധിയിൽ പറയുന്നത് പുതിയ ആളുകൾക്കും പെൻഷൻ പദ്ധതിയിൽ ചേരാമെന്നാണ്. ഈ തരത്തിൽ പുതുതായി അവസരം നൽകിയത് ശരിയല്ല.

ഇത് അധിക ബാധ്യതയാണ്. നിയമപരമായി ഹൈകോടതിക്ക് ഇത് പറയാനാവില്ല എന്നും സിങ് വാദിച്ചു. രാവിലെ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡ്വ. വിക്രംജിത് ബാനർജിയും ഇ.പി.എഫ്.ഒയുടെ അഭിഭാഷകൻ ആര്യാമ സുന്ദരവും നടത്തിയ വാദങ്ങൾ ജസ്റ്റിസുമാരായ യു.യു. ലളിത്, അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെ ആവർത്തിച്ചു.

ഹൈകോടതി വിധികൾ റദ്ദാക്കണമെന്നും ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നൽകരുതെന്നും വിക്രംജിത് ബാനർജിയും ആവശ്യപ്പെട്ടു.സുപ്രീംകോടതി 2019ൽ ഹൈകോടതി വിധി ശരിവെച്ച് തള്ളിയ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്‍റെയും ഇ.പി.എഫ്.ഒയുടെയും അപ്പീലുകളാണ് കേന്ദ്ര സർക്കാറിന്‍റെ അഭ്യർഥന മാനിച്ച് വീണ്ടും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് കേൾക്കുന്നത്. വാദം ഈയാഴ്ച തുടരും. 

Tags:    
News Summary - How was PF pension before the amendments?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.