കാഞ്ഞിരപ്പുഴ (പാലക്കാട്): ജമ്മു കശ്മീരിലെ ഗുൽമർഗിൽ മലയാളിയായ മുഹമ്മദ് ഷാനിബിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ തേടി കേരള പൊലീസ്. കുടുംബാംഗങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
അതേസമയം, സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോങ്ങാട് എം.എൽ.എ വഴി മുഖ്യമന്ത്രിക്ക് പരാതി നൽകി. ജമ്മു കശ്മീരിലെ വനമേഖലയിൽ ഷാനിബ് എങ്ങനെ എത്തി എന്നതിൽ സ്ഥിരീകരണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
ഏപ്രിൽ 13നാണ് ഷാനിബ് ബംഗളൂരുവിലേക്ക് പോയത്. 17ന് അവസാനമായി മാതാവിനോട് സംസാരിച്ചു. താൻ തിരക്കിലായിരിക്കുമെന്നും സംസാരിക്കാൻ സാധിക്കില്ലെന്നുമാണ് അന്ന് പറഞ്ഞത്. 19 വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, കശ്മീരിലേക്ക് പോകുന്ന കാര്യം അറിയിച്ചിരുന്നില്ല.
മേയ് ആറ് ചൊവ്വാഴ്ചയാണ് തന്മാർഗ് പൊലീസ് മണ്ണാർകാട് പൊലീസ് വഴി കാഞ്ഞിരപ്പുഴയിലെ ബന്ധുക്കളെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. തുടർന്നാണ് ജനപ്രതിനിധികൾ പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തിരക്കിയത്. മുമ്പ് 21 ദിവസം ഷാനിബിനെ കാണാതായിട്ടുണ്ട്.
മരണവിവരം അറിഞ്ഞ ദുബൈയിലുള്ള പിതാവ് നാട്ടിലെത്തിയിട്ടുണ്ട്. പിതാവും ജനപ്രതിനിധിയും അടക്കം കശ്മീരിലെത്തി മൃതദേഹം തിരിച്ചറിഞ്ഞ് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും.
കാഞ്ഞിരപ്പുഴ വർമംകോട് കരുവാൻതൊടി അബ്ദുസ്സമദ്-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് ജമ്മു കശ്മീരിലെ പുൽവാമ വനമേഖലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം പത്ത് ദിവസത്തെ പഴക്കമുണ്ട്. ദേഹത്ത് മൃഗങ്ങള്‍ ആക്രമിച്ചതിന്റെ പരിക്കുകളുണ്ടെന്നും മുഖം വികൃതമാണെന്നും രണ്ട് കൈ-കാലുകളില്ലെന്നുമാണ് കശ്മീർ പൊലീസ് അറിയിച്ചത്.
ഷാനിബ് ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ താമസിച്ച് വയറിങ് ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. ഷിഫാനയും ബാബുവുമാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.