തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന

ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ പാചകവാതക സിലിണ്ടറിൽനിന്ന് തീപടര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ പന്തേനാൽ കുടുംബാംഗം ചിന്നമ്മയെയാണ് (62) ബുധനാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചനിലയില്‍ കണ്ടത്. മകന്‍റെ മകളാണ് ആദ്യം സംഭവം കണ്ടത്. ചായക്കട നടത്തുന്ന പിതാവിനെയും നാട്ടുകാരെയും അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെത്തിയാണ് തീയണച്ചത്. അപകടമരണമല്ലെന്ന് ആദ്യംതന്നെ സംശയം ഉയർന്നിരുന്നു. മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

വീടിന്‍റെ മുറികളിലെ ഭിത്തികളില്‍ പലഭാഗത്തും രക്തക്കറകള്‍ കണ്ടെത്തിയത് സംശയത്തിനിടയാക്കി. മൃതദേഹം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിട്ടുള്ളൂ. വീട്ടിലെ ഉപകരണങ്ങള്‍ക്കും സ്റ്റൗവിനും യാതൊരുകേടുപാടും സംഭവിച്ചിട്ടില്ല. സ്റ്റൗവില്‍നിന്ന് ട്യൂബ് ഊരിമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിനടിയിൽ പുതപ്പിട്ടിരുന്നതും വീട്ടിലെ മറ്റ് തുണികള്‍ മൃതദേഹത്തിനൊപ്പം കണ്ടതും ദുരൂഹതക്കിടയാക്കി.

ബുധനാഴ്ച രാവിലെ മകന്‍റെ മകളും ചിന്നമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒമ്പതിനുശേഷം മകന്‍റെ മകള്‍ സ്കൂളിലെ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി. അഞ്ചു മണിയോടെയാണ് തിരികെ വന്നത്. ഈ സമയം ചിന്നമ്മ വീട്ടിൽ ഒറ്റക്കായിരുന്നു. മൂന്ന് മണിയോടെ ഇവിടെനിന്ന് പുകകണ്ടതായും പറയുന്നു. ചിന്നമ്മയുടെ ദേഹത്ത് ഏഴ് പവൻ സ്വര്‍ണമുണ്ടായിരുന്നത്രെ. വീട്ടിനുള്ളിലെ അലമാര തുറന്നുകിടക്കുകയായിരുന്നു. പൊലീസ് സര്‍ജന്‍റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തുതന്നെ പോസ്റ്റുേമാര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകീട്ടോടെ നാരകക്കാനം പള്ളിയില്‍ സംസ്കാരം നടത്തി. ജില്ല പൊലീസ് മേധാവി വി.യു കുര്യാക്കോസ് പരിശോധന നടത്തി. കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്മോന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Housewife's death due to fire is suspected to be murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.