വീട് ജപ്തി ചെയ്യുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി: വീടിന്‍റെ ജപ്തി നടപടിക്കിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് (49) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതായതോടെയാണ് ഇവരുടെ വീട് ജപ്തി ചെയ്യാൻ നടപടിയായത്. 

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ഷീബയെയും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഷീബയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ നെടുങ്കണ്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബിനോയ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും 40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

2019ലാണ് ആശാരിക്കണ്ടത്ത് 15 സെന്‍റ് സ്ഥലവും വീടും ഷീബയും ഭർത്താവ് ദിലീപും വാങ്ങിയത്. സൗത്ത് ഇന്ത്യൻ ബാങ്കിലെ 15 ലക്ഷം രൂപ വായ്പ നിലനിർത്തിയാണ് ഇത് വാങ്ങിയത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ കുടശ്ശികയടക്കം 36 ലക്ഷമായി. ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടായതിനെ തുടർന്ന് അടുത്തിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതുപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് മാറ്റി​വെച്ചിരുന്നു. രണ്ടാമതും ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയതോടെയാണ് ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം, നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ബാങ്ക്, നിയമപരമായ കാര്യങ്ങൾ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു. 

Tags:    
News Summary - Housewife who tried to commit suicide by setting herself on fire during the foreclosure of her house died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.