മങ്കര (പാലക്കാട്): അരി ആട്ടുന്നതിനുള്ള തയാറെടുപ്പിനിടെ അടുക്കളയിലെ ഗ്രൈന്ററിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മങ്കര മഞ്ഞക്കര കല്ലിങ്കൽ വീട്ടിൽ കെ.ജി. കൃഷ്ണദാസിന്റെ (ഉണ്ണികൃഷ്ണൻ) ഭാര്യ ശുഭാഭായി (50) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.15നായിരുന്നു സംഭവം. സംഭവ സമയം ആരും വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവും മകനും വേല ഉത്സവത്തിന്റെ ഭാഗമായി സമീപം പന്തൽപണി ചെയ്യുകയായിരുന്നു. അടുക്കളയിൽ അബോധാവസ്ഥയിൽ കിടന്ന ഇവരെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
ശുഭഭായി മൾട്ടി കോഓപറേറ്റിവ് സൊസൈറ്റിയുടെ ദിവസ കലക്ഷൻ ഏജന്റായിരുന്നു. ഭർത്താവ് കൃഷ്ണദാസ് അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ പാർട്ട്ടൈം സ്വീപ്പറാണ്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. ജർമനിയിൽനിന്ന് മകൾ എത്തിയശേഷം ശനിയാഴ്ച ഉച്ചക്കുമുമ്പ് മങ്കര കാളികാവ് പൊതുശ്മശാനത്തിൽ സംസ്കരിക്കും. മക്കൾ: മഹിമ (നഴ്സ്, ജർമനി), അച്യുത് (ഡിഗ്രി വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.