‘ലൈഫ്’ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി; എന്‍.ഐ.ടിയും സി.ഇ.ടിയും സാങ്കേതിക ഏജന്‍സികള്‍

കോഴിക്കോട്: മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് ലഭ്യമാക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി ‘ലൈഫി’ന്‍െറ മുഖ്യ സാങ്കേതിക ഏജന്‍സികളായി കോഴിക്കോട് എന്‍.ഐ.ടിയെയും (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തിരുവനന്തപുരം സി.ഇ.ടിയെയും (തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്) നിയമിച്ച് ഉത്തരവായി. വിവിധ എന്‍ജിനീയറിങ് കോളജുകളും പോളിടെക്നിക്കുകളും സഹ സാങ്കേതിക ഏജന്‍സികളായി പ്രവര്‍ത്തിക്കും. ഇവയുടെ പട്ടിക ഉടന്‍ തയാറാക്കും.

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ബില്‍ഡിങ് ടെക്നോളജി പ്രമോഷന്‍ കൗണ്‍സില്‍ കണ്ടത്തെിയ പ്രീ എന്‍ജിനീയറിങ്, പ്രീ ഫാബ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പദ്ധതി നിര്‍വഹണത്തില്‍ ഉപയോഗിക്കുന്നതിനാലാണ് പരിശോധനകളും മറ്റും നടത്തുന്നതിന് വിദഗ്ധ സാങ്കേതിക ഏജന്‍സികളെ ചുമതലപ്പെടുത്തിയത്.
ഇതിനകം വിവിധ പദ്ധതികളിലായി സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന കാരണവും മറ്റും പണി പൂര്‍ത്തിയാക്കാനാവാത്ത നിരവധി വീടുകളാണ് സംസ്ഥാനത്തുള്ളത്. ഇത്തരം വീടുകളുടെ പുനരുദ്ധാരണവും പുതിയ പദ്ധതിയുടെ ഭാഗമായി നടക്കും. ഈ ഗണത്തിലുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും ഇതുവരെ ലഭിച്ച സഹായ വിവരങ്ങളും വിനിയോഗ വിവരങ്ങളും അറിയിക്കുകയും വേണം.

ഇത്തരം ഭവനങ്ങളുടെ സാങ്കേതിക ഓഡിറ്റ് നടത്തി പണി പൂര്‍ത്തീകരണത്തിനാവശ്യമായ തുകയെത്രയെന്ന് നിര്‍ണയിക്കുക സാങ്കേതിക ഏജന്‍സികളാവും. ഇവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി വീണ്ടും തുക അനുവദിക്കുക. ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിരക്കിലുള്ള കണ്‍സള്‍ട്ടന്‍സി ചാര്‍ജ് നല്‍കും.

കേന്ദ്ര നഗര ഭവന മിഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഭവനങ്ങളുടെ വലുപ്പം പരമാവധി 600 സ്ക്വയര്‍ ഫീറ്റായി നിജപ്പെടുത്തിയിട്ടുണ്ട്. മതിയായത്ര സ്ഥലം ലഭിക്കാതെ വരുകയും കൂടുതല്‍ അപേക്ഷകര്‍ ഒരു പ്രദേശം കേന്ദ്രീകരിച്ച് ഉണ്ടാവുകയും ചെയ്താല്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതും പരിഗണിക്കും.
വീടുനിര്‍മാണത്തിന് മിച്ചഭൂമി, സര്‍ക്കാര്‍ ഭൂമി എന്നിവ ഉള്‍പ്പെടെ സ്ഥലം കണ്ടത്തെുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് ജില്ല കലക്ടര്‍മാര്‍ ഇത് ഏകോപിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മുഖേനയുള്ള ഭവന പദ്ധതിയും ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പദ്ധതിയും ഇനി സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയിലൂടെയാവും നടപ്പാക്കുക.

മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന യൂനിറ്റ് കോസ്റ്റ് പത്തുലക്ഷം രൂപയില്‍ കവിയാത്ത തരത്തില്‍ സ്ഥലം ലഭ്യമാക്കി വീട് നിര്‍മിച്ചു നല്‍കുന്ന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയും ഇനി ‘ലൈഫി’ലൂടെയാവും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍െറ കണക്കുപ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളാണുള്ളത്. ഇതില്‍ ഏതാണ്ട് 1.58 ലക്ഷംപേര്‍ ഭൂരഹിതരാണ്.

 

Tags:    
News Summary - house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.