പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ; നിലമ്പൂരിൽ നാളെ കൊട്ടിക്കലാശം

മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അവസാന വട്ട പ്രചരണങ്ങളിലാണ് ഇരു മുന്നണികളും കൂടെ മുൻ എം.എൽ.എ പി.വി. അൻവറും.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂർ ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് യുവജനങ്ങളെ കൈയിലെടുക്കുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നത്. 

മണ്ഡലത്തിൽ സുപരിചിതനായ ആര്യാടൻ ഷൗക്കത്തിൽ മുഴുവൻ പ്രതീക്ഷയുമർപ്പിച്ചിരിക്കയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. രണ്ടു വട്ടം എം.എൽ.എ ആയ പി.വി അൻവർ മുന്നണി പിന്തുണയില്ലെങ്കിലും കരുത്തു കാണിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നു.

സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എൽ.ഡി.എഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽ അവസാനവട്ട പര്യടനം പൂർത്തിയാക്കും. പി.വി. അൻവറും അവസാന ലാപ്പിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർഥിച്ച് രം​ഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോ​ഗങ്ങളും ഇന്നലെ നടന്നിരുന്നു.

മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഞായറാഴ്ച മൂന്നിടത്ത് നടന്ന എൽ.ഡി.എഫ് കൺവെൻഷനുകളിൽ പങ്കെടുത്തു. അതിനിടെ, യൂസഫ് പത്താനുമൊത്തുള്ള പി.വി. അൻവറിന്റെ റോഡ് ഷോ ശക്തി പ്രകടനം ആയി മാറി. വഴിക്കടവ് വരെ നടന്ന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പിണറായി വിജയനും സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് നിലവിലെ എം.എൽ.എ പി.വി. അൻവർ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആസന്നമായത്. ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും. 

Tags:    
News Summary - Hours to go for the end of the advertising campaign; Kottikal to be held tomorrow in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.