ഹോമിയോപ്പതി ചികിത്സകരെ മാറ്റിനിര്‍ത്തുന്നതെന്തിന്?

തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കല്‍ കോളജ്​ മെഡിക്കല്‍ സൂപ്രണ്ട്​ ഡോ. അജയകുമാര്‍ ബാബു എഴുതുന്നു

ഫലപ്രദമെന്ന് തെളിയിക്കപ്പെടുകയും സുഖപ്പെട്ട ഒട്ടേറെപ്പേര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാര്‍ കോവിഡിനുള്ള ഹോമിയോ ചികിത്സക്ക്​ അനുമതി നല്‍കാത്തത് ഈ മേഖലയിലെ ചികിത്സകരുടെ മനോവീര്യത്തെയും സേവനമനോഭാവത്തെയും കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കേന്ദ്ര ആയുഷ് വകുപ്പ് കോവിഡ് ചികിത്സക്ക്​ ഹോമിയോപ്പതി ഫലപ്രദമാണെന്നു കണ്ട്​ അനുമതി നല്‍കിയിട്ടും കേരള സര്‍ക്കാര്‍ ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടില്ല. കോവിഡ്ബാധ അനിയന്ത്രിതമായ സാഹചര്യത്തിലെങ്കിലും രോഗബാധിതര്‍ക്ക് ഹോമിയോചികിത്സ ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കണം.

ഐ.സി.എം.ആറി​െൻറ നിയന്ത്രണത്തിലല്ല

ഐ.സി.എം.ആറി​െൻറ പൂര്‍ണനിയന്ത്രണത്തില്‍ അല്ലാത്ത മറ്റ് ചികിത്സസമ്പ്രദായങ്ങളില്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കണമെങ്കില്‍ അവരുടെ നിർദേശത്തി​െൻറ അടിസ്ഥാനത്തില്‍ മാത്രമേ സാധിക്കൂ എന്ന വാദം വിചിത്രമാണ്. ഐ.സി.എം.ആര്‍ നിലവില്‍ വന്ന ശേഷം ഈ കാലമത്രയും ഹോമിയോപ്പതി ഗവേഷണങ്ങളെ അവരുടെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ത്തന്നെ അവരുടെ പ്രോട്ടോകോളുകള്‍ക്ക് വിധേയമായി മാത്രമേ ഹോമിയോപ്പതി വിഭാഗത്തെ കോവിഡ് ചികിത്സക്ക്​ ഉപയോഗിക്കാന്‍ കഴിയൂ എന്ന വാദം മുഖവിലക്കെടുക്കാന്‍ കഴിയില്ല.

കടുംപിടിത്തങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും സമയം പാഴാക്കാതെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ചികിത്സാസംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഹോമിയോ ഡോക്ടര്‍മാര്‍ പനിയോ മറ്റ് ലക്ഷണങ്ങളോ ടെസ്​റ്റ്​ ചെയ്​ത്​ കോവിഡ് പോസിറ്റിവ് എന്നുകണ്ടാല്‍ രോഗികളെ മറ്റ് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യണം എന്ന ഉത്തരവ് മാത്രമാണ് മുന്നോട്ടു​െവച്ചിട്ടുള്ളത്. എന്നാല്‍, പൊതുജനങ്ങള്‍ സാഹചര്യങ്ങളുടെ സമ്മർദവും ഹോമിയോ ചികിത്സയുടെ ഫലപ്രാപ്തിയും മുന്നില്‍ക്കണ്ടുതന്നെയാണ് ഹോമിയോ ചികിത്സക്കായി മുന്നോട്ടുവരുന്നതും രോഗമുക്തി നേടിക്കൊണ്ടിരിക്കുന്നതും. സൂക്ഷ്മതയോടെ ഹോമിയോപ്പതി ചികിത്സ എടുത്തവരില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുമില്ല. അതുകൊണ്ട് മറ്റ് വൈദ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ കേന്ദ്ര ആയുഷ് വകുപ്പും കേന്ദ്ര ഹോമിയോപ്പതി റിസര്‍ച് കൗണ്‍സിലും അനുശാസിക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്ന് പൊതുജനാരോഗ്യത്തെ മുന്നില്‍ക്കണ്ട് നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

സുപ്രീംകോടതി ഉത്തരവ് വേണ്ടവിധം നടപ്പാകുന്നില്ല

വ്യക്തമായ രൂപരേഖയുണ്ടായിട്ടും രോഗികളെ ചികിത്സിക്കാനുള്ള സാഹചര്യം ഉരുത്തിരിയാതിരുന്നതിനാല്‍ കോഴിക്കോട്ടെ ഡോ. എ.കെ.ബി.എസ് മിഷന്‍ ട്രസ്​റ്റ്​ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്​തു. പരമോന്നത കോടതിയുടെ ഉത്തരവുണ്ടായിട്ടും അത് പൂര്‍ണരൂപത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന ആയുഷ് വിഭാഗം തയാറാകുന്നില്ല. അയൽ സംസ്ഥാനങ്ങളില്‍ ആയുഷ് വിഭാഗം ആശുപത്രികളില്‍ കോവിഡ് കെയര്‍ സെൻററുകള്‍ നിര്‍ബന്ധമായും തുടങ്ങണമെന്ന നിർദേശങ്ങള്‍ നിലനില്‍ക്കെയാണ് ഈ അവസ്ഥ. കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളജുകളില്‍ കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്ന സി.എഫ്.എല്‍.ടി.സി സംവിധാനങ്ങളില്‍ 25 മുതല്‍ 50 ശതമാനം കിടക്കകളെങ്കിലും ഹോമിയോപ്പതി ചികിത്സക്കുവേണ്ടി നീക്കിവെക്കുകയും (ആവശ്യമെങ്കില്‍ ഇപ്പോഴുള്ള സ്‌പെഷാലിറ്റി ഡോക്ടറുടെ മേല്‍നോട്ടത്തില്‍) ഈ ചികിത്സ ആവശ്യപ്പെടുന്നവര്‍ക്ക് അത് തടസ്സമില്ലാതെ നല്‍കാൻ നടപടികള്‍ ഉണ്ടാകുകയും വേണം. ഈ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി അതിനുശേഷം മറ്റ് സര്‍ക്കാര്‍ ഹോമിയോപ്പതി സംവിധാനങ്ങളില്‍ കാര്യക്ഷമമായ ചികിത്സ അനുവദിക്കേണ്ടതുമാണ്.

പ്രതിരോധത്തിന്​ ഫലപ്രദം

ഹോമിയോപ്പതി മരുന്നുകള്‍ പ്രതിരോധമരുന്നുകളായി ഉപയോഗിക്കാമെന്ന് സംസ്ഥാന മുഖ്യമന്ത്രിതന്നെ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിനർഥം വാക്‌സിനേഷനോ മറ്റ് കോവിഡ് പ്രോട്ടോകോളുകളോ സ്വീകരിക്കേണ്ടതില്ല എന്നല്ല. മറിച്ച്, ഈ മഹാമാരിയെ നേരിടാന്‍ ഹോമിയോപ്പതി മരുന്നുകള്‍കൂടി ഉപയോഗപ്പെടുത്തണമെന്നാണ്.

ഹോമിയോപ്പതി ചികിത്സയിലൂടെ കോവിഡ് വൈറസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്ന് ആരും അവകാശപ്പെടുന്നില്ല. മറ്റ് വൈദ്യശാഖകള്‍ക്ക് സഹായകരമായ വിധത്തിലും ഹോമിയോപ്പതി ശാഖയില്‍ സുരക്ഷിതമെന്ന് പൂര്‍ണവിശ്വാസവുമുള്ള രോഗികള്‍ക്ക് അതിനുള്ള അവസരം നല്‍കിയും ഈ രംഗത്തെ ഡോക്ടര്‍മാരുടെ വൈദഗ്ധ്യം ഉപയോഗിച്ചും ചികിത്സ അനുവദിക്കണം. നമ്മുടെ ആശുപത്രികള്‍ പൂര്‍ണമായും രോഗികളെക്കൊണ്ട് നിറയുന്ന സാഹചര്യം സംജാതമാകാതിരിക്കാന്‍ വേണ്ടി കൂടിയാണ്. അത് പൊതുജനങ്ങളുടെ അവകാശം കൂടിയാണ്.

ചികിത്സാവൈവിധ്യങ്ങളെ അംഗീകരിക്കണം

ഓരോ ചികിത്സാശാസ്ത്രത്തി​െൻറയും സാധ്യതയും ഗുണഫലവും മനസ്സിലാക്കി അതിനാവശ്യമായ നടപടികള്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന്​ ഉണ്ടാകേണ്ടതുണ്ട്.ഹോമിയോ മെഡിക്കല്‍ കോളജുകളിലെ സി.എഫ്.എല്‍.ടി.സികളില്‍ ഹോമിയോപ്പതി മരുന്നുകള്‍ നല്‍കാന്‍ തയാറായെങ്കില്‍ മാത്രമേ ഹോമിയോപ്പതി ബിരുദ വിദ്യാർഥികള്‍ക്ക് കോവിഡ് സംബന്ധമായ പ്രബന്ധങ്ങളും പഠനങ്ങളും മുന്നോട്ടു​വെക്കാന്‍ കഴിയൂ. ഇവരുടെ വിഭവശേഷി വാര്‍ റൂം ഡ്യൂട്ടിയിലും അനുബന്ധ പാരാമെഡിക്കല്‍ ഡ്യൂട്ടിയിലും ഒതുക്കിനിര്‍ത്താതെ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുമുണ്ട്. അത് പൂര്‍ണമായും അക്കാദമികരംഗത്തും ചികിത്സാരംഗത്തും ഉപയോഗപ്പെടുത്തേണ്ടതുമാണ്. കേരളത്തിലെ ഹോമിയോപ്പതി ചികിത്സകരില്‍ ഭൂരിപക്ഷവും ബിരുദാനന്തര ബിരുദമെടുത്തവരും സര്‍ക്കാര്‍ അംഗീകൃത ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ പഠിച്ചിറങ്ങിയവരുമാണ്. ആധുനിക പഠനപരിശീലനങ്ങളുടെ പിന്‍ബലത്തില്‍ ചികിത്സരംഗത്തെത്തിയവരുടെ കഴിവിനെയും ആത്മാർഥതയെയും ആത്മസമര്‍പ്പണത്തെയും സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതും അത് പൊതുജനാരോഗ്യരംഗത്തിന് മുതല്‍ക്കൂട്ടാക്കേണ്ടതും ഈ സാഹചര്യത്തില്‍ അനുപേക്ഷ്യമാണ്.

ഈ മഹാമാരിക്കാലത്ത് സമൂഹത്തിനൊപ്പം നില്‍ക്കാന്‍ ഹോമിയോ ചികിത്സകര്‍ ബാധ്യസ്ഥരാണ്. അവരുടെ കഴിവിനൊത്ത് പഠിച്ച വൈദ്യശാസ്ത്ര സമ്പ്രദായത്തിലൂടെ പൊതുജനത്തെ സേവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ഈ മേഖലയിലുള്ളവര്‍ക്ക് ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. കോവിഡ് മഹാമാരിക്കു മുന്നില്‍ ലോകമെമ്പാടുമുള്ള ശാസ്ത്രഗവേഷകര്‍ മരവിച്ചുനില്‍ക്കുമ്പോള്‍ കൈമുതലായുള്ള അറിവുകള്‍ ജനനന്മക്കായി ഉപയോഗിക്കാന്‍ അവസരമുണ്ടാവുകയും വേണം.

Tags:    
News Summary - Homeopathy for coronavirus treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.