തിരുവനന്തപുരം: ലഹരിവിപത്തിനെതിരെ കേരള പൊലീസ് നടപ്പാക്കുന്ന വിപുലമായ 'ഓപ്പറേഷൻ തൂഫാൻ' വിജയിപ്പിക്കാൻ വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതുതലമുറയെ ലഹരിയുടെ ദുരന്തത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി) ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും അദ്ദേഹം പറഞ്ഞു.
വെങ്ങാനൂർ വി.പി.എസ് മലങ്കര ഗേൾസ് എച്ച്.എസ്.എസിൽ നടന്ന എസ്.പി.സി സംസ്ഥാന സഹവാസ ക്യാമ്പ് 'ഐക്യ 2026'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽക്കുന്ന അധോലോക സംഘങ്ങളെ വേരോടെ പിഴുതെറിയാനാണ് 'ഓപ്പറേഷൻ തൂഫാൻ' ലക്ഷ്യമിടുന്നത്. ഇതിന്റെ മുൻനിരയിൽ എസ്.പി.സി കേഡറ്റുകൾ അണിനിരക്കണം.
ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന എസ്.പി.സി കേരള പൊലീസിന്റെ അഭിമാനചിഹ്നമായി മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സഹപാഠികളുടെ പ്രയാസങ്ങൾ മനസ്സിലാക്കുന്നതിലും ആദിവാസി മേഖലയിലടക്കം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും കേഡറ്റുകൾ മാതൃകയാണ്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേഡറ്റിന് അടുത്ത വർഷം മുതൽ 'ഹോം മിനിസ്റ്റേഴ്സ് ട്രോഫി' നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പിൽ 939 കേഡറ്റുകൾ പങ്കെടുത്തു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, പി. വിജയൻ, ദിനേന്ദ്ര കശ്യപ്, ഗുഗുലോത്ത് ലക്ഷമൺ, എസ്.പി.സി സ്റ്റേറ്റ് നോഡൽ ഓഫീസർ അജീതാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.