നടപ്പന്തലിൽ സ്ത്രീകളും കുട്ടികളും വയോധികരും വിശ്രമിക്കുന്നത് തടയരുത്​ -ഹൈകോടതി

കൊച്ചി: ശബരിമല നടപ്പന്തലിൽ സ്ത്രീകളും കുട്ടികളും വയോധികരും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ആളുകൾ വിശ്രമിക്കുന്നത്​ പൊലീസ് തടയരുതെന്ന് ഹൈകോടതി. ഭക്തർ നടപ്പന്തലിൽ വിശ്രമിക്കുന്നതിെന എതിർക്കേണ്ട ആവശ്യമെന്താണെന്നും ഹൈകോടതി ആരാഞ്ഞു. കൂടാതെ, സന്നിധാനത്ത് എത്രപേർക്ക് വിരിവെക്കാനും വിശ്രമിക്കാനും സൗകര്യമുണ്ടെന്നതിനെക്കുറിച്ച് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.

ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലുള്ള പരിശോധനകൾക്ക് തടസ്സമില്ല. നടയടച്ചു കഴിഞ്ഞ് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ഭക്തരെ ഒാടിച്ചു വിടുന്നതെന്തിനാണ്? നടയടച്ചും ഭക്തരെ ഒാടിച്ചുവിട്ടും പൊലീസ് ഡ്യൂട്ടി എളുപ്പമാക്കേണ്ട. പ്രശ്നപരിഹാരത്തിന്​ ഭക്തരെ ഒഴിപ്പിക്കേണ്ട. പൊലീസ്​ ഇരിക്കേണ്ടത്​ ബാരക്കിലാണ്​; ഭക്​തർക്ക്​ അനുവദിച്ച സ്ഥലത്തല്ല. സന്നിധാനത്ത്​ റൂമുകൾ പൂട്ടിയിടാൻ ദേവസ്വം ബോർഡിന്​ നിർദേശം നൽകാൻ പൊലീസിന്​ എന്താണ്​ അധികാരം?

സുരക്ഷാ പ്രശ്നമുണ്ടെന്ന കേന്ദ്ര സർക്കാറി​​െൻറ സർക്കുലറിനെക്കുറിച്ച് സർക്കാർ വ്യക്തമാക്കുന്നതിനാൽ കേസിൽ കേന്ദ്രസർക്കാറിനെ കക്ഷിയാക്കുന്നത്​ പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. എന്നാൽ, ശബരിമലയിൽ ഇടത്​ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ കടന്നുകയറ്റമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കുലറിലുള്ളതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വ്യക്തമാക്കി.

ചിലർ ശബരിമലയിൽ പ്രശ്നമുണ്ടാക്കാനും ശബരിമലയുടെ പവിത്രത നശിപ്പിക്കാനും ശ്രമിക്കുന്നതാണ് നടപടിക്ക് കാരണമെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ വാദിച്ചു. ശബരിമലയിൽ റൂമുകൾ പൂട്ടിയിട്ടെന്ന ആരോപണം ശരിയല്ല. ചിത്തിര ആട്ട വിശേഷത്തിന് ഒരുദിവസം നട തുറന്നപ്പോൾ മാത്രമാണ് റൂമുകൾ നൽകാതിരുന്നത്. ഭക്തർക്ക് ദർശനത്തിന് തടസ്സമില്ല.

എന്നാൽ, കാനനപാതയിൽ ഇരിക്കാൻപോലും ഭക്തരെ അനുവദിക്കുന്നില്ലെന്നും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയാണെന്നും ഹരജിക്കാർ വാദിച്ചു.

Tags:    
News Summary - hoghcourt critizised sabarimala police action -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.