കൊച്ചി: ശിരോവസ്ത്രം അണിഞ്ഞ വിദ്യാർഥിനിയെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നോട്ടീസ് ചോദ്യംചെയ്ത് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ സമർപ്പിച്ച ഹരജി ഹൈകോടതി തീർപ്പാക്കി. വിദ്യാർഥിനി ഇവിടെ തുടർന്ന് പഠിക്കുന്നില്ലെന്നും മറ്റൊരു സ്കൂളിലേക്ക് മാറ്റുകയാണെന്നും രക്ഷിതാവ് അറിയിച്ചതിനെത്തുടർന്നാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. തുടർനടപടികൾക്ക് മുതിരുന്നില്ലെന്ന് സർക്കാറും വ്യക്തമാക്കി. നടപടികൾ വീക്ഷിക്കാൻ വിദ്യാർഥിനിയും പിതാവും കോടതിയിൽ ഹാജരായിരുന്നു.
ഹരജി പരിഗണിച്ചപ്പോൾ, മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ തയാറാണെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. യൂനിഫോമിലും അച്ചടക്കത്തിലും രാജ്യാന്തര നിലവാരം പാലിക്കാനുള്ള നിർദേശമാണ് നൽകിയത്. ആരെയെങ്കിലും ഒറ്റപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. അബ്രഹാമിന്‍റെ വംശപരമ്പരയിലുള്ളവരാണ് ക്രൈസ്തവരും മുസ്ലിംകളുമെന്ന് ചൂണ്ടിക്കാട്ടി ഇരു സമുദായങ്ങളും തമ്മിലെ സൗഹൃദബന്ധവും അവതരിപ്പിച്ചു.
എന്നാൽ, കുട്ടി ഈ സ്കൂളിൽ പഠനം തുടരുന്നില്ലെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു. സ്കൂളിലെ അനുഭവം കുട്ടിക്ക് വലിയ മാനസിക വേദനയാണ് ഉണ്ടാക്കിയത്. കത്തോലിക്ക സഭക്ക് കീഴിലെ മറ്റ് സ്കൂളുകളിൽ ശിരോവസ്ത്രത്തിന് തടസ്സമില്ല. പുറമെ മതസൗഹാർദം പറയുമ്പോഴും വിവേചനമാണ് കാണിക്കുന്നതെന്നും അഭിഭാഷകൻ ആരോപിച്ചു.
വിദ്യാർഥിനിയുടെ ക്ലാസ് മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് സ്കൂളിന് നിർദേശം നൽകിയതെന്ന് സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി ചൂണ്ടിക്കാട്ടി. പരാതിയുണ്ടായ ഉടനെതന്നെ കുട്ടിയെ ക്ലാസിൽ കയറ്റണമെന്ന നിർദേശം പ്രിൻസിപ്പലിന് നൽകിയെങ്കിലും ശിരോവസ്ത്രം മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നതടക്കം ചൂണ്ടിക്കാട്ടി എറണാകുളം ഡി.ഡി.ഇ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളിന് നോട്ടീസ് നൽകാൻ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം.
എന്നാൽ, കുട്ടികളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ സർക്കാറിന് ഇടപെടാമെന്നും സംസ്ഥാന സർക്കാർ നൽകിയ എൻ.ഒ.സിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കുട്ടിയെ മാറ്റാൻ രക്ഷിതാവ് തീരുമാനിച്ച സാഹചര്യത്തിൽ വിശദീകരണം കണക്കിലെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർനടപടി അവസാനിപ്പിക്കുകയായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ സമുദായസൗഹാർദം നിലനിൽക്കട്ടെയെന്ന പ്രത്യാശയോടെയാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.