കൊച്ചി: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. എൻ.സി.പി സംസ്ഥാന ഭാരവാഹിയായ റെജി ചെറിയാനും കൂട്ടരും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് എം.എൽ.എ നൽകിയ പരാതിയിൽ നെടുമുടി പൊലീസെടുത്ത കേസിലെ നടപടികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റെജി ചെറിയാൻ, തോമസ് കുരുവിള, പി.എ. സമദ് എന്നിവരാണ് ഹരജി നൽകിയത്. ഹരജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.
കുട്ടനാട് എം.എൽ.എയായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് സഹോദരനായ തോമസ് കെ. തോമസ് എൻ.സി.പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചത്. തന്നെ കൊലപ്പെടുത്തി കുട്ടനാട് മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ റെജി ചെറിയാൻ മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും വധിക്കാൻ ശ്രമിച്ചെന്നുമാരോപിച്ചാണ് തോമസ് കെ. തോമസ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഇത് പൊലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് കുട്ടനാട്ടിലേക്കുളള യാത്രാമധ്യേ വെള്ളം നിറഞ്ഞ പാടത്ത് യാദൃച്ഛികമായി വണ്ടി മറിഞ്ഞെന്ന് വരുത്തിത്തീർത്ത് തന്നെ കൊലപ്പെടുത്താനായിരുന്നു നീക്കമെന്ന് തോമസ് കെ. തോമസ് പരാതിയിൽ ആരോപിച്ചിരുന്നു. എം.എൽ.എയുടെ ഡ്രൈവറായിരുന്ന തോമസ് കുരുവിളയാണ് രണ്ടാം പ്രതി.
തമിഴ്നാട് രജിസ്ട്രേഷൻ ലോറി കാറിലിടിപ്പിച്ച് എം.എൽ.എയെ കൊലപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് തോമസ് കുരുവിള പാർട്ടി ആലപ്പുഴ ജില്ല പ്രസിഡന്റ് സന്തോഷ് കുമാറിനെ ഫോണിൽ വിളിച്ച് പറഞ്ഞെന്നും പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, വ്യവസായിയും സമൂഹത്തിൽ ഉയർന്ന സ്ഥാനവുമുള്ള തനിക്കെതിരെ കേട്ടുകേൾവിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണംപോലും നടത്താതെയാണ് പൊലീസ് കേസെടുത്തതെന്നാണ് റെജി ചെറിയാന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.