മണിയുടെ പരാമർശം ഗൗരവതരം, ഡി.ജി.പി ഇതൊന്നും കാണുന്നില്ലേ? -ഹൈകോടതി

കൊച്ചി: വൈദ്യുതി മന്ത്രി എം.എം മണിയുടെ സ്ത്രീകൾക്കെതിരായ പരാമർശത്തിൽ കടുത്ത വിമർശനവുമായി ഹൈകോടതി. സംഭവത്തില്‍ ഡി.ജി.പി, ഇടുക്കി എസ്.പി എന്നിവര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, സംസ്ഥാനത്ത് എന്തും ആവാം എന്ന സ്ഥിതിയാണോ ഉള്ളതെന്നും ഇവിടുത്തെ പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും മണിക്കെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്നും കോടതി ചോദിച്ചു.

മൂന്നാറിലെ തൊഴിലാളി സ്ത്രീകള്‍ക്കെതിരെഎം.എം മണി നടത്തിയ പ്രസ്താവന ഗൗരവതരമാണെന്നും മണിയുടെ പ്രസംഗത്തിന്‍റെ സി.ഡി ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

എന്നാല്‍ എം.എം മണി നടത്തിയ പരാമര്‍ശം സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകരെയാണ് വിമര്‍ശിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ വിശദീകരണം. ഇതിനോട് മാധ്യമ പ്രവര്‍ത്തകരെ എന്തും പറയാമോ എന്നാണ് കോടതി പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തരും പൗരാവകാശമുള്ളവരാണെന്നും കോടതി ഓർമിപ്പിച്ചു.

മൂന്നാറിലെ പൊമ്പിളൈ ഒരുമെ സമരത്തെക്കുറിച്ചു മോശമായി പ്രസംഗിച്ച മന്ത്രി എം.എം. മണിക്കെതിരെ കേസെടുക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഇടുക്കി കുഞ്ചിത്തണ്ണിയിലെ യോഗത്തിൽ മന്ത്രി മണി നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരിൽ നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയോ ആഭ്യന്തര സെക്രട്ടറിയോ തയാറായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന പരാമർശവും മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയതോടെ കേസ് പരിഗണിക്കുമെന്നും പൗരാവകാശം സംബന്ധിച്ച് പരിശോധിക്കുമെന്ന നിലപാടാണ് കോടതിയെടുത്തത്.

Tags:    
News Summary - high court statment on m.m money issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.