കൊച്ചി: തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ സഹിതം കോടതിയെ സമീപിച്ചവരുടെ ഹരജികൾ ഹൈകോടതി 50,000 രൂപ കോടതിച്ചെലവ് അടക്കാൻ നിർദേശിച്ച് തള്ളി. ഇടുക്കി ജില്ലയിലെ ബാലഗ്രാം സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് നൽകാൻ വിസമ്മതിക്കുന്നുവെന്ന് ആരോപിച്ച് ഹരജി നൽകിയ അബ്ദുൽ മജീദ് തുടങ്ങി 15 അംഗങ്ങളുടെ ഹരജികളാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. തിരിച്ചറിയൽ കാർഡിനായി ബാങ്കിൽ ആളുകൾ വരിനിൽക്കുന്നതിന്റെ ചിത്രവും ഹാജരാക്കിയിരുന്നു.
വോട്ട് രേഖപ്പെടുത്താൻ യോഗ്യതയുള്ള അംഗങ്ങൾക്ക് അപേക്ഷ വാങ്ങി കാർഡ് നൽകണമെന്ന് നേരത്തേ സിംഗിൾ െബഞ്ച് ഉത്തരവുണ്ടായിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാർ അപ്പീൽ സമർപ്പിച്ചത്. കാർഡ് വിതരണം ചെയ്യേണ്ട സെക്രട്ടറി അവധിയെടുത്തിരിക്കുകയാണെന്നും ആരോപിച്ചിരുന്നു. എന്നാൽ, ജോലിക്ക് ഹാജരായിരുന്നു എന്ന് തെളിയിക്കുന്ന ഹാജർ ബുക്ക് അടക്കം ഹാജരാക്കി ആരോപണത്തെ ബാങ്ക് എതിർത്തു. വരിനിൽക്കുന്ന ചിത്രം ബാങ്കിന്റെ മുന്നിലല്ലെന്നും വിശദീകരിച്ചു.
ഇതോടെ കോടതിയെ തെറ്റിദ്ധരിപ്പിക്കലും ഫെബ്രുവരി 16ന് നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തലുമായിരുന്നു ഹരജിക്കാരുടെ ഉദ്ദേശ്യമെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് അപ്പീൽ ഹരജികൾ ചെലവുസഹിതം തള്ളിയത്. 50,000 രൂപ ഒരാഴ്ചക്കകം സംസ്ഥാന മീഡിയേഷൻ സെൻറിൽ കെട്ടിവെക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.