കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലപ്പെട്ട കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്നും അതുവരെ തലശ്ശേരി കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവെക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.
ഷുഹൈബിന്റെ മാതാപിതാക്കളും ആക്രമണത്തിൽ പരിക്കേറ്റ റിയാസ്, നൗഷാദ് എന്നിവരും നൽകിയ ഹരജിയിലാണ് ഉത്തരവ്.
പ്രതികൾ സി.പി.എം പ്രവർത്തകരായതിനാൽ വിചാരണ നീതിപൂർവ്വം നടക്കില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്നും ഹരജിക്കാർ അപേക്ഷ നൽകിയിരുന്നു. മാർച്ച് 13ന് സർക്കാറിന് അപേക്ഷ നൽകിയെങ്കിലും സർക്കാർ തീർപ്പാക്കാതെ വെച്ചുനീട്ടുകയാണെന്നും ഹരജിക്കാർ ആരോപിച്ചു.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാനുള്ള ഹരജിക്കാരുടെ അപേക്ഷയിൽ ആറാഴ്ചയ്ക്കകം തീർപ്പു കൽപ്പിക്കാൻ ഹൈക്കോടതി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്.
എടയന്നൂരിലെ സ്കൂൾ പറമ്പത്ത് വീട്ടിൽ മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് (29). 2018 ഫെബ്രുവരി 12 ന് രാത്രി പത്തരക്ക് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.