കൊച്ചി: ഭൂമി പതിച്ചുനൽകൽ ചട്ടപ്രകാരം അനുവദിച്ച ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് നിരാക്ഷേപപത്രം (എൻ.ഒ.സി) വേണമെന്ന നിബന്ധന സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് ഹൈകോടതി. പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾ തടയാൻ തദ്ദേശ വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
ഇടുക്കി ജില്ലയിലെ നിർമാണങ്ങൾക്ക് എൻ.ഒ.സി നിർബന്ധമാക്കിയതിെൻറ പേരിൽ അപേക്ഷ തള്ളിയത് ചോദ്യം ചെയ്ത് ഇടുക്കി മുട്ടുകാട് സ്വദേശി ലാലി ജോർജ് നൽകിയ ഹരജിയിലാണ് ഉത്തരവ്. നേരേത്ത ഇതേ ഹരജി പരിഗണിച്ച കോടതി പട്ടയഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിന് എൻ.ഒ.സി ഉൾപ്പെടെ വ്യക്തമായ മാർഗനിർദേശം ഉണ്ടാവണമെന്ന് നിർദേശിച്ചിരുന്നു.
നിലവിലെ ഭൂനിയമങ്ങൾ ലംഘിെച്ചന്ന പേരിൽ നിർമാണം പൂർത്തിയായ കെട്ടിടങ്ങൾക്കെതിരെ റവന്യൂ അധികൃതരുടെ നടപടി പതിവായ സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി നിർമാണത്തിന് മുേമ്പ റവന്യൂ അധികൃതരിൽനിന്നുള്ള എൻ.ഒ.സി വേണമെന്ന നിബന്ധന നടപ്പാക്കണമെന്ന് നിർദേശിക്കുകയായിരുന്നു. തദ്ദേശ ഭരണ സെക്രട്ടറിയെ കക്ഷിചേർത്താണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് പതിച്ചുനൽകിയ ഭൂമിയിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സർക്കാർ ഉത്തരവുണ്ടായത്.
എന്നാൽ, ഉത്തരവിൽ ആശയക്കുഴപ്പമുണ്ടായതോടെ ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസന്‍വാലി എന്നീ എട്ട് വില്ലേജില്‍ മാത്രമാണ് എൻ.ഒ.സി നിബന്ധന ബാധകമാവുകയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.