കൊച്ചി: മാനേജ്മെന്‍റ് അസോസിയേഷനുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ (മാറ്റ്) അടിസ്ഥാനത്തില്‍ 2016 മേയ് മാസത്തിന് ശേഷം എം.ബി.എ കോഴ്സിലേക്ക് പ്രവേശനം സാധ്യമല്ളെന്ന അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ഉത്തരവ് ഹൈകോടതി ശരിവെച്ചു. സീറ്റ് ഒഴിവുണ്ടെന്നതിന്‍െറ പേരില്‍ യോഗ്യതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നതിനെ അംഗീകരിക്കാനാവില്ളെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പത്തനംതിട്ട പെരിനാട് ബിലീവേഴ്സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ ദിവ്യ ഷാജി, സ്വാതി എന്നിവര്‍ നല്‍കിയ ഹരജികള്‍ തള്ളിയാണ് ഉത്തരവ്.
എന്‍.ആര്‍.ഐ ക്വോട്ടയില്‍ പ്രവേശനം നേടിയ ഹരജിക്കാരുടേതടക്കം പത്തുപേരുടെ എം.ബി.എ പ്രവേശനം റദ്ദാക്കുകയും 41 അപേക്ഷകളില്‍ ശേഷിച്ച 31 പേരുടെ പ്രവേശനം കമ്മിറ്റി ശരിവെക്കുകയും ചെയ്തിരുന്നു. 2016 മേയ്ക്കുശേഷം മാനേജ്മെന്‍റ് അസോസിയേഷന്‍െറ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശനം നടത്തരുതെന്ന് കമ്മിറ്റി ഉത്തരവിടുകയും ചെയ്തിരുന്നു. എം.ബി.എ പ്രഫഷനല്‍ കോഴ്സല്ലാത്തതിനാല്‍ പ്രവേശന മേല്‍നോട്ട കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ളെന്നും അതിനാല്‍, തങ്ങളുടെ പ്രവേശനം റദ്ദാക്കിയ നടപടി നിലനില്‍ക്കുന്നതല്ളെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
കെമാറ്റ്, കാറ്റ്, സിമാറ്റ് തുടങ്ങിയ അംഗീകൃത പ്രവേശന പരീക്ഷകളുടെ കൂട്ടത്തില്‍ വരുന്നതാണ് മാറ്റ് പരീക്ഷ. അതിനാല്‍, ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശനം റദ്ദാക്കാന്‍ കമ്മിറ്റിക്ക് അര്‍ഹതയില്ളെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രവേശനത്തിലെ സുതാര്യത ഉറപ്പാക്കാനാണ് സൂപ്പര്‍വൈസറി കമ്മിറ്റിയുടെ രൂപവത്കരണമെന്ന കമ്മിറ്റിയുടെ വാദം അംഗീകരിച്ച കോടതി തീരുമാനം ശരിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.