തൃശൂർ: ഹൈകോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് എഴുന്നള്ളിപ്പുകള്‍ സാധ്യമല്ലെന്നിരിക്കെ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ദേവസ്വം ഭാരവാഹികള്‍ തൃശൂരില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പകല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വെളുപ്പിന് കണിമംഗലം ശാസ്താവ് വരുന്നത് മുതൽ ഉച്ചക്ക് പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് വരെയുള്ള എഴുന്നള്ളിപ്പുകള്‍ ഇതുപ്രകാരം നടത്താനാവില്ല. മൂന്നു മീറ്റര്‍ അകലം പാലിച്ചാല്‍ തെക്കേ ഗോപുരനടയിലും പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലും ആനകളെ നിര്‍ത്താനുമാവില്ല. കുടമാറ്റത്തിന് 15 ആനകളെ അണിനിരത്താനും സാധിക്കില്ല. ഇതുകൊണ്ടാണ് പൂരം ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്ന് പറയുന്നതെന്ന് അവർ പറഞ്ഞു.
ഞായറാഴ്ച വിപുലമായ പ്രതിഷേധ കൺവെന്ഷന് തൃശൂരില്‍ ചേരുന്നുണ്ട്. ഘട്ടംഘട്ടമായി കൂടുതല്‍ സമരപരിപാടികളിലേക്കു നീങ്ങാനാണ് ദേവസ്വങ്ങളുടെ നീക്കം. ആറാട്ടുപുഴയില്‍ ശനിയാഴ്ച വൈകീട്ട് പ്രതിഷേധ പ്രതീകാത്മക പൂരം സംഘടിപ്പിക്കുന്നുണ്ട്.
തൃശൂർ ജില്ലയിലെ 1600 ഉത്സവങ്ങളുടെ എഴുന്നള്ളിപ്പുകൾ പ്രതിസന്ധിയിലാണ്. പുതിയ ആനകള്‍ കേരളത്തില്‍ വരുന്നില്ല. നിലവിലുള്ള ആനകളെ എഴുന്നള്ളിക്കാന്‍ നിയമപരമായ തടസ്സമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്കു നീങ്ങുമെന്നാണ് ദേവസ്വങ്ങളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.