പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈകോടതി; രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും തുടരുന്നുവെന്ന് തൃശൂർ കലക്ടർ കോടതിയിൽ

കൊച്ചി: രൂക്ഷമായ ഗതാഗത കുരുക്കിനെ തുടർന്ന് നിർത്തിവെച്ച പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈകോടതി. കേസ് വീണ്ടും പരിഗണിക്കുന്നത് വെള്ളിയാഴ്ചയാണ്. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നുവെന്ന് തൃശൂർ ജില്ലകലക്ടർ കോടതിയെ അറിയിച്ചു.

ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പലയിടത്തും സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അടുത്തിടെയുണ്ടായ അപകടത്തിന്റെ കാര്യം ഹരജിക്കാരും സൂചിപ്പിച്ചു. എന്നാൽ, സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ എങ്ങനെയാണ് അതിലെ ഗതാഗതം അനുവദിക്കുന്നതെന്ന് അഡീ. അഡ്വക്കറ്റ് ജനറൽ ആരാഞ്ഞു. അടുത്തിടെയുണ്ടായ അപകടം അശ്രദ്ധ മൂലമോ ഉറങ്ങിപ്പോയതു കൊണ്ടോ ആവാം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടം ജനുവരിയിലും അടുത്തത് മാർച്ചിലും മൂന്നാം ഘട്ടം ജൂണിലും പൂർത്തിയാകും. ഈ സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവെക്കുന്നതിന് കാരണമില്ല. അതിനാൽ മുൻ‍ ഉത്തരവ് മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

എന്നാൽ കരാറുകാരുടെ കാര്യത്തിൽ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാണിയമ്പാറ മുതൽ ചിറങ്ങര വരെയുള്ള ഏഴിടങ്ങളിൽ ബദൽ മാർഗങ്ങളൊരുക്കാതെ അടിപ്പാത നിർമാണം തുടങ്ങിയതോടെയാണ് രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായത്. ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് ഇടപെടലുണ്ടായത്. ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻ.എച്ച്.എ.ഐ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചു. ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

സെപ്റ്റംബറിൽ ടോൾ പിരിവിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എച്ച്.എ.ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കലക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും നിലവിലുണ്ടെന്ന് മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ഹൈകോടതി വീണ്ടും ടോൾ വിലക്ക് നീട്ടുകയായിരുന്നു.

Tags:    
News Summary - High Court extends toll ban in Paliyekkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.