ഡോ. എം. രമ
ഹൈകോടതി ഇടപെട്ടു; ഡോ. എം. രമക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കും
കാസർകോട്: കാസർകോട് ഗവ. കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. എം. രമയുടെ വിരമിക്കൽ അനുകൂല്യങ്ങൾ നിഷേധിക്കാൻ, കണ്ണൂർ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിടിച്ചുവെച്ച സർട്ടിഫിക്കറ്റ് ഹൈകോടതി ഉത്തരവോടെ അവർക്ക് ലഭ്യമായി.
ഡോ.എം.രമ 2024 മാർച്ച് 31ന് സർവിസിൽനിന്ന് വിരമിച്ചെങ്കിലും ആനുകൂല്യങ്ങൾ പലതും നൽകിയില്ല. അതിനുവേണ്ടിയുള്ള അപേക്ഷയോടൊപ്പം പിഎച്ച്.ഡി തീസിസ് സമർപ്പണ സർട്ടിഫിക്കറ്റ് വെച്ചിട്ടില്ല എന്ന കാരണത്താൽ രണ്ടുവർഷമായി കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തടഞ്ഞുവെക്കുകയായിരുന്നു. ആ സർട്ടിഫിക്കറ്റ് ലഭിക്കാൻ വിരമിച്ച അവസരത്തിൽതന്നെ ആവശ്യമായ ഫീസ് അടച്ച് കണ്ണൂർ സർവകലാശാലയിൽ അപേക്ഷ സമർപ്പിച്ചെങ്കിലും 29.07.2011 എന്ന തീയതിക്കു പകരം 30.06.2011 എന്ന തെറ്റായ തീയതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് അയച്ചുകിട്ടിയത്. അത് തിരുത്താൻ വീണ്ടും അപേക്ഷിച്ചപ്പോൾ നിരസിച്ചു.
തുടർന്ന് വൈസ് ചാൻസലർക്ക് അപേക്ഷ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. കാസർകോട് ഗവ. കോളജിൽ പ്രിൻസിപ്പൽ ചുമതലയിലിരിക്കേ, സി.പി.എം അധ്യാപക സംഘടന കോളജ് ഭരണത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ ഡോ.എം.രമ അനുവദിച്ചില്ല എന്ന കാരണത്താൽ കോളജിൽ അവർക്കെതിരെ സമരങ്ങൾ നടന്നിരുന്നു.
പിന്നാലെ ഡോ.എം. രമയെ സ്ഥലം മാറ്റി. ഡോ. എം. രമ അഡ്മിനിസ്ട്രേട്ടീവ് ട്രൈബ്യൂണലിനെ സമീപിച്ച് മഞ്ചശ്വരം കോളജിലേക്ക് സ്ഥലംമാറ്റം നേടി. അവിടെ വെച്ചാണ് വിരമിച്ചത്. വിരമിക്കുന്ന ഘട്ടത്തിൽ പെൻഷൻ ലഭിക്കാതിരിക്കാൻ വ്യാജ പരാതികളുടെ പേരിൽ സർക്കാറും കണ്ണൂർ സർവകലാശാലയും പലതരം കാരണംകാണിക്കൽ നോട്ടീസുകൾ നൽകിയപ്പോൾ ഹൈകോടതി അവയെ അസാധുവാക്കി. പെൻഷൻ നൽകാൻ ഉത്തരവിടുകയും ലഭിക്കുകയും ചെയ്തിരുന്നു.
മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾ രേഖകളിൽ കൃത്രിമം കാണിച്ച് വൈകിപ്പിക്കുകയായിരുന്നു. ആ സാഹചര്യത്തിൽ ഡോ.എം. രമ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തപ്പോൾ സർവകാലാശാലക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഓരോ കാരണങ്ങൾ നിരത്തി മറുപടി ഫയൽ ചെയ്യുന്നത് വൈകിപ്പിച്ചു.
ഹൈകോടതി കർശന നിർദേശം നൽകിയപ്പോൾ വസ്തുതാവിരുദ്ധമായ ഒരു മറുപടി സമർപ്പിക്കുകയും ചെയ്തു. പുതുതായി ചുമതലയേറ്റ സർവകലാശാലാ സിൻഡിക്കേറ്റ് നിയോഗിച്ച അഭിഭാഷകൻ ഹൈകോടതിയിൽ കൃത്യമായ നിലപാടെടുത്തതോടെയാണ് ഡോ. എം. രമക്ക് പിഎച്ച്.ഡി. തീസിസ് സമർപ്പണ സർട്ടിഫിക്കറ്റ് ലഭിച്ചത്.
മകളെയും ഇരയാക്കി
ഡോ. രമയോടുള്ള വൈരാഗ്യത്തിന് മകളും ഇരയായി. രമയുടെ മകൾക്ക് അർഹതപ്പെട്ട എൻഡോവ്മെൻറ് അവാർഡുകൾ നൽകിയില്ല. രമയുടെ കോളജിൽത്തന്നെ ബിരുദവിദ്യാർഥിനിയായിരുന്ന മകൾക്ക് അർഹതപ്പെട്ട എൻഡോവ്മെൻറ് അവാർഡുകൾ വിതരണം ചെയ്യാതെ നിഷേധിക്കുകയായിരുന്നു. കാസർകോട് ഗവ. കോളജിൽനിന്ന് സർവകലാശാല പരീക്ഷകളിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് അന്തരിച്ച മുൻകാല അധ്യാപകരുടെ പേരിൽ അവരുടെ ബന്ധുക്കളും ശിഷ്യൻമാരും ഏർപ്പെടുത്തിയ പ്രഫ. ചാപ്പാടി വാസുദേവൻ എൻഡോവ്മെൻറ് അവാർഡും ഡോ. കൃഷ്ണകുമാരി എൻഡോവ്മെൻറ് അവാർഡും 2024-25 അധ്യയനവർഷത്തിൽ വിതരണം ചെയ്തില്ല. എല്ലാവർഷവും മുടങ്ങാതെ വിതരണം ചെയ്യാറുള്ള ഈ സ്കോളർഷിപ്പുകൾ 2024-25 വർഷത്തെ പരീക്ഷകളിൽ മികവ് കാട്ടിയ അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയാണെങ്കിൽ ബി.എസ് സി ജിയോളജിക്ക് 97 ശതമാനം മാർക്കോടെ കണ്ണൂർ സർവകലാശാലയിൽ ഒന്നാം റാങ്ക് നേടുകയും ഹിന്ദി, ഇംഗ്ലീഷ് രണ്ട് വിഷയങ്ങളിലും മികച്ച വിജയം നേടുകയും ചെയ്ത രമയുടെ മകൾക്ക് നൽകേണ്ടിവരും എന്നതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.