വിജിലൻസ് മിന്നൽ പരിശോധന: അനധികൃത ചെങ്കൽഖനനത്തിന് പൂട്ട്
കാഞ്ഞങ്ങാട്: ബേഡഡുക്ക പഞ്ചായത്തിലെ ഒന്നാംവാർഡിൽ പെട്ട ബദിര, നെല്ലിയടുക്കം പ്രദേശത്ത് വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ പത്തേക്കറോളം വിസ്തൃതിയിൽ അനധികൃത ചെങ്കൽ ഖനനം കണ്ടെത്തി. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സിനും സ്വൈരജീവിതത്തിനും ഭീഷണിയായ ബദിര കുന്നിൻപ്രദേശത്തെ ചെങ്കൽ ഖനനത്തിനെതിരെ ബേഡഡുക്ക വില്ലേജ് ഓഫിസിലെ മുൻ വില്ലേജ് ഓഫിസർ എ. അരുൺ കാസർകോട് ആർ.ഡി.ഒ, താലൂക്ക് ഓഫിസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ, ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ല എന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് സ്ഥലത്ത് പരിശോധന നടത്തിയത്. ലാൻഡ് അസൈൻമെന്റ് റൂൾ പ്രകാരം പട്ടികജാതി/വർഗ കുടുംബങ്ങൾക്ക് പതിച്ചുകിട്ടിയ ഭൂമിയിലാണ് ഭൂരിഭാഗം ചെങ്കൽ ക്വാറികളും പ്രവർത്തിക്കുന്നത് എന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
വിജിലൻസ് ഇൻസ്പെക്ടർ എം.വി. ശ്രീദാസൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ.വി. രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി. ജയൻ, പി.വി. ലിജിൻ, കെ. പ്രമോദ് കുമാർ, റീസർവേ സൂപ്രണ്ട് എസ്. ശ്രകുമാർ എന്നിവരാണ് മിന്നൽപരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.