വീണ്ടും വിലക്കയറ്റം; പൊള്ളിച്ച് പച്ചക്കറി വിപണി

പാലക്കാട്: സാധാരണക്കാരുടെ അടുക്കള പൂട്ടിക്കുന്ന രീതിയിൽ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. ബീന്‍സ്, പാവക്ക, ചെറിയുള്ളി, പച്ചമുളക്, മുരിങ്ങക്ക തുടങ്ങി മിക്ക പച്ചക്കറികൾക്കും വില കൂടി. വെളുത്തുള്ളി കിലോ വില 200 രൂപ കടന്നു. സവാള കിലോക്ക് 65 മുതല്‍ 77 രൂപ വരെയാണ് ചില്ലറവില. ചെറിയുള്ളിക്ക് 81 മുതല്‍ 96 രൂപ വരെ വിലയുണ്ട്. തക്കാളിക്ക് 40-47 രൂപയും പച്ചമുളകിന് 65-77 രൂപയുമാണ് വില.

ഉരുളക്കിഴങ്ങിന് 36-43 രൂപയും ബീറ്റ്റൂട്ടിന് 43-51 രൂപയും കാരറ്റിന് 42-49 രൂപയുമാണ് നിലവിലെ വില. മുരിങ്ങക്ക വില 83 മുതല്‍ 98 രൂപ വരെയെത്തി. ബീന്‍സിന് കിലോക്ക് 103 രൂപയാണ് ശരാശരി വില. പാവക്കക്ക് 76 രൂപയും വള്ളിപ്പയറിന് 72 രൂപയും വഴുതനക്ക് 51 രൂപയുമാണ് വില. വെണ്ടക്കക്ക് 49 രൂപയും കാബേജിന് 36 രൂപയും വെള്ളരിക്ക് 43 രൂപയുമാണ് ശരാശരി ചില്ലറവില. മത്തങ്ങക്ക് 29 രൂപയും കുമ്പളത്തിന് 35 രൂപയുമുണ്ട്.

ഇനത്തിനും വിപണിക്കും അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടെങ്കിലും മിക്ക പച്ചക്കറികളുടെയും വില ഉയര്‍ന്ന നിലയില്‍ തുടരുന്നത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറി വരവിനെ ആശ്രയിക്കുന്ന കേരളത്തിലെ വിപണിയില്‍ ലഭ്യതയിലുണ്ടാകുന്ന കുറവ് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. കാലാവസ്ഥ വ്യതിയാനം, കനത്ത മഴയും വെള്ളക്കെട്ടും മൂലമുള്ള കൃഷിനാശം, വിളവെടുപ്പിലെ കുറവ് എന്നിവയാണ് പച്ചക്കറി വരവ് കുറയാന്‍ കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെത്തുന്ന ചരക്കിന്റെ അളവ് കുറഞ്ഞതോടെയാണ് വില ഉയരുന്നത്.

വിലക്കയറ്റത്തിന്റെ ആഘാതം ഹോട്ടല്‍ മേഖലയിലും തിരിച്ചടിയാകുന്നുണ്ട്. പച്ചക്കറികളുടെ വില വര്‍ധിച്ചതോടെ ഭക്ഷണവിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള ചെലവും കുത്തനെ കൂടി. വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ വില കൂടിയ ഇനങ്ങള്‍ ഒഴിവാക്കുകയോ കുറഞ്ഞ അളവില്‍ മാത്രം വാങ്ങുകയോ ചെയ്യേണ്ട അവസ്ഥയിലാണ് പലരും. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരുടെ ജീവിതച്ചെലവ് വീണ്ടും ഉയര്‍ത്തുന്നതിനാല്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. 

Tags:    
News Summary - vegetable Price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.