കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കിയതും ഡീബാർ ചെയ്തതും ഹൈകോടതി റദ്ദാക്കി.
തിടുക്കത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയായിരുന്നു എന്ന് വലിയിരുത്തിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പുതിയ അന്വേഷണം നടത്താൻ സർവകലാശാലക്ക് നിർദേശം നൽകിയ കോടതി പുതിയ അന്വേഷണ റിപ്പോർട്ടിന് വിധേയമായി വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാനും അനുമതി നൽകി.
കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങ്ങിന്റെ ഭാഗമായി ക്രൂര മർദനത്തിന് ഇരയായ സിദ്ധാർഥൻ ജീവനൊടുക്കിയെന്നാണ് പൊലീസ് കേസ്.
ഇതേ തുടർന്നാണ് പ്രതികളായ വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റ് കോളജുകളിൽ ചേരുന്നതിൽ നിന്ന് ഡീബാർ ചെയ്യുകയും ചെയ്തത്.
തുടർന്നാണ് പുറത്താക്കപ്പെട്ട അമീർ അക്ബറലി, ആർ.എസ്. കാശിനാഥൻ, ജെ. അജയ്, സിനോജ് ജോൺസൺ, കെ. അരുൺ, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, വി. ആദിത്യൻ, എ. അൽതാഫ്, സൗദ് റിസാൽ, കെ.അഖിൽ, കെ.അരുൺ, എൻ. ആസിഫ് ഖാൻ, അമൽ ഇഹ്സാൻ, എസ്. അഭിഷേക്, ഡോണസ് ഡായ്, എസ്.ഡി. ആകാശ് എന്നീ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്.
ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതെയാണ് തങ്ങളെ കോളജിൽ നിന്ന് പുറത്താക്കിയതെന്നും ഡീബാർ ചെയ്തതെന്നുമായിരുന്നു വിദ്യാർഥികളുടെ വാദം.
അന്വേഷണം നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ഹരജിക്കാരായ വിദ്യാർഥികൾക്ക് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.