കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക നിയമം നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമം അറിയിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. നിയമനിർമാണത്തിന് മുന്നോടിയായി ഏപ്രിലിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് ആഗസ്റ്റിലേക്ക് മാറ്റിയെന്ന് സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിക്കുകയും ഈ സാവകാശം അനുവദിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തപ്പോഴാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സമയക്രമം അറിയിക്കാൻ ആവശ്യപ്പെട്ടത്.
കോൺക്ലേവ് നീട്ടിവെച്ചത് നിയമനിർമാണം വൈകാനിടയാക്കുമെന്ന ആശങ്ക ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ഹരജിക്കാരും അറിയിച്ചു. ജൂൺ ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ സമയക്രമം സംബന്ധിച്ച വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനിടെ, സിനിമ വ്യവസായ മേഖലയിലെ മോണിറ്ററിങ് കമ്മിറ്റികളുടെ ഫലപ്രദമായ പ്രവർത്തനം ഉറപ്പുവരുത്താൻ സമഗ്രമായ മാർഗനിർദേശം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് വനിത കമീഷൻ വിശദീകരണ പത്രിക സമർപ്പിച്ചു. ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയൽ (പോഷ്) നിയമം നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായതിനാൽ വനിത ശിശുക്ഷേമ വകുപ്പിന് ഈ നിർദേശം നൽകണമെന്നാണ് ആവശ്യം. എന്നാൽ, ഈ നടപടിക്രമത്തിലേക്ക് നീങ്ങിയാൽ നിയമനിർമാണം പിന്നേയും വൈകാനിടയാകുമെന്ന് കോടതിയും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.