കൊച്ചി: വനം മന്ത്രിയായിരിക്കെ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറായിരുന്ന ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ മുൻ മന്ത്രിയും ആർ.ജെ.ഡി ദേശീയ നേതാവുമായ എ. നീലലോഹിതദാസൻ നാടാരെ ഹൈകോടതി വെറുതെവിട്ടു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2004ൽ ഒരുവർഷത്തെ തടവിനും പിന്നീട് അപ്പീലിൽ സെഷൻസ് കോടതി മൂന്നുമാസമായി ചുരുക്കുകയുംചെയ്ത ശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. 2006ൽ അദ്ദേഹം സമർപ്പിച്ച ഹരജിയാണ് തീർപ്പാക്കിയത്.
ഔദ്യോഗിക ചർച്ചക്കെന്നുപറഞ്ഞ് കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. 1999 ഫെബ്രുവരി 27നാണ് സംഭവമെങ്കിലും 2001 മാർച്ച് 15ന് ഡി.ജി.പിക്ക് നൽകിയ പരാതിയെത്തുടർന്ന് 2001 മേയ് ഒമ്പതിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സംഭവം സംബന്ധിച്ച് പരാതിക്കാരി അമ്മയും സുഹൃത്തും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം ചിലരോട് പറഞ്ഞിരുന്നതിനാൽ ഇവരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ. എന്നാൽ, സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നും കേട്ടുകേൾവി മാത്രമാണ് സാക്ഷിമൊഴിയായി നൽകിയിട്ടുള്ളതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
അപമര്യാദയായി പെരുമാറിയെന്നതല്ല, മന്ത്രിക്ക് ഇത്തരം ചില ദുഃസ്വഭാവങ്ങളുണ്ടെന്ന പൊതുവായ അഭിപ്രായമാണ് പരാതി പ്രകടിപ്പിച്ചതെന്ന മൊഴിയാണ് ചില സാക്ഷികൾ നൽകിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന് രണ്ടുവർഷം കഴിഞ്ഞാണ് പരാതി നൽകിയത്. മന്ത്രിയായിരിക്കെ ഭീഷണിയടക്കം ഭയംകൊണ്ടാണ് വൈകിയതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ, മന്ത്രി രാജിവെച്ച 2000 മേയ് അഞ്ചുമുതൽ പരാതി നൽകുന്ന 2001 മാർച്ച് 25 വരെ എന്തുകൊണ്ട് വൈകിയെന്നതിന് വ്യക്തമായ ന്യായീകരണം നൽകാനായില്ല.
പരാതി നൽകാതിരിക്കാൻ ഭീഷണി ഭയന്നിരുന്നുവെന്ന് കരുതാൻ മതിയായ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഗെസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ മൊഴിയെടുത്തിട്ടുമില്ല. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തെളിവുകൾ വിലയിരുത്തിയതിൽ അപാകതകളുണ്ട്. അതിനാൽ, സംശയത്തിന്റെ ആനുകൂല്യം ലഭിക്കാൻ പ്രതി അർഹനാണെന്ന് വിലയിരുത്തിയ കോടതി തുടർന്ന് ശിക്ഷ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.