കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാതൃകാ ടൗൺഷിപ്പ് നിർമിക്കാൻ ഏറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെടുന്ന എൽസ്റ്റൺ ടീ എസ്റ്റേറ്റിന്റെ ഹരജിയിൽ ഹൈകോടതി വെള്ളിയാഴ്ച വിധി പറയും. എസ്റ്റേറ്റ് ഭൂമി ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കുന്നതിനെതിരെ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
കോടതിയുടെ ഇടക്കാല നിർദേശ പ്രകാരം സർക്കാർ നിശ്ചയിച്ച 26.51 കോടി രൂപ ഹൈകോടതിയിൽ കെട്ടിവെച്ച് പ്രതീകാത്മകമായി ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച വാദം പൂർത്തിയാക്കിയാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റിയത്.
ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് 26 കോടി രൂപ മാത്രം നഷ്ടപരിഹാരം നിശ്ചയിച്ചത് ന്യായമല്ലെന്നും ഭൂമി 549 കോടി മൂല്യമുള്ളതാണെന്നുമുള്ള വാദം എൽസ്റ്റൺ എസ്റ്റേറ്റ് വ്യാഴാഴ്ച ആവർത്തിച്ചു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ മൂല്യ നിർണയം നടത്തിയത്.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം ഏറ്റെടുക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. എസ്റ്റേറ്റിലെ തേയിലച്ചെടികൾക്ക് തന്നെ 82 കോടി രൂപ മൂല്യം വരും. കമ്പനി കെട്ടിടത്തിന്റെ മൂല്യം മാത്രം 20 കോടിയോളം വരും. ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ക്വാർട്ടേഴ്സുകളടക്കം ഒട്ടനവധി കെട്ടിടങ്ങൾ വേറെയുമുണ്ട്. എന്നാൽ, നോട്ടീസ് പോലും നൽകാതെയാണ് മൂല്യ നിർണയം നടത്തിയത്.
തങ്ങളുടെ എതിർപ്പ് ബോധ്യപ്പെടുത്താൻ അവസരമുണ്ടായിട്ടില്ലെന്നും എൽസ്റ്റൺ ചൂണ്ടിക്കാട്ടി. എന്നാൽ, സമാന വില്ലേജിലെ ഇതേ സർവേ നമ്പറിൽ അടുത്തിടെ നടന്ന പത്ത് ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്ട പരിഹാരം കണക്കാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.