തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സംസ്ഥാനം നൽകിയ കത്തിന് കേന്ദ്രം മറുപടി നൽകിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ തെറ്റായ മറുപടി നൽകാൻ കാരണക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
ഡെപ്യൂട്ടി കൺസർവേറ്റർ സുജിത്, വൈൽഡ് ലൈഫ് വാർഡൻറ് കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് അജിത്കുമാർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് സുലൈമാൻ സേട്ട്, സീനിയർ സൂപ്രണ്ട് പ്രദീപ്, സെക്ഷൻ ക്ലർക്ക് സൗമ്യ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടിക്ക് മന്ത്രി ശിപാർശ ചെയ്തത്. ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ മെമ്മോയും ചാർജ് ഷീറ്റും ഉടൻ നൽകും. തുടർന്ന്, ശിക്ഷാ നടപടികൾ പ്രഖ്യാപിക്കാനാണ് നീക്കം.
കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് 2020 നവംബർ ഒന്നിനാണ് സംസ്ഥാനം കത്ത് നൽകിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണത്താൽ ഡിസംബറിൽ ഇത് തിരിച്ചയച്ചു.
തുടർന്ന്, 2021 ജൂൺ 17ന് വീണ്ടും കത്തയച്ചു. '2011 മുതൽ കേരളം കാട്ടുപന്നി പ്രശ്നത്തെ നേരിടാൻ പഞ്ചായത്തുകൾ വഴി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ പറ്റാത്തതുകൊണ്ടാണ് വീണ്ടും കത്തയക്കുന്നത്' എന്നുമായിരുന്നു ഉള്ളടക്കം. ഇതിന് '2011 മുതൽ പഞ്ചായത്തുകൾ മുഖേന കാട്ടുപന്നികളെ നശിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് നൽകുക' എന്നാവശ്യപ്പെട്ട് ജൂലൈ എട്ടിന് കേന്ദ്രം മറുപടി നൽകി.
പ്രിൻസിപ്പൽ സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് നൽകാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. പക്ഷേ, ഒന്നര മാസത്തോളം ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ഈ കത്ത് പൂഴ്ത്തിെവച്ചെന്നാണ് ആക്ഷേപം. ഇങ്ങനെയൊരു കത്ത് ലഭിച്ചതായി മന്ത്രിയെ ഇവർ അറിയിച്ചുമില്ല. കഴിഞ്ഞ ആഗസ്റ്റ് ആറിലെ നിയമസഭാ സമ്മേളനത്തിൽ കേന്ദ്രത്തിൽനിന്ന് കത്ത് വന്നിട്ടില്ലെന്ന തെറ്റായ വിവരം മന്ത്രി സഭയിൽ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കത്തിടപാടുകൾ സംബന്ധിച്ച രേഖകൾ പുറത്തായതോടെ, സംഭവം വിവാദമായി. വനംമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. തുടർന്നാണ് അഞ്ചുപേർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.