തരൂരിന്റെ ചിത്രം പങ്കുവച്ച് ​ഹൈബി ഈഡൻ എം.പി; പരോക്ഷ പിന്തുണയെന്ന് സൂചന

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സര ചിത്രം തെളിഞ്ഞതോടെ ആവേശത്തിലാണ് പാർട്ടി പ്രവർത്തകർ. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർഥിയെന്ന പരിവേഷമാണ് മല്ലികാർജ്ജുൻ ഖാർഗേയ്ക്കെങ്കിൽ യുവത്വവും മാറ്റവുമാണ് തരൂരിന്റെ തുറുപ്പുശീട്ട്. കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം നേതാക്കളും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രമുഖരെല്ലാം ഖാർഗേയ്ക്ക് ഒപ്പമെന്നാണ് സൂചന. അതേ സമയം കെ.എസ്.ശബരീനാഥനെപ്പോലുള്ള ചിലർ തരൂരിനെ പിന്തുണച്ചും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഹൈബി ഈഡൻ എം.പി സമൂഹമാധ്യമത്തിൽ ശശി തരൂരിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ്. എന്നാൽ ചിത്രത്തിനൊപ്പം കുറിപ്പൊന്നും ഇട്ടിട്ടില്ല. തരൂരിനുള്ള തന്റെ പിന്തുണ അറിയിക്കാനാണ് ​ഹൈബി ​പോസ്റ്റ് ഇട്ടതെന്നാണ് സൂചന.

ഹൈബിയുടെ പോസ്റ്റിൽ പിന്തുണ അർപ്പിച്ച് നിരവധി പ്രവർത്തകർ എത്തിയിട്ടുണ്ട്. 'ധീരമായ നിലപാട്. മികച്ച കാഴ്ചപ്പാടുള്ളവർക്കേ കോൺഗ്രസിനെ ശക്തിയായി തിരിച്ച് കൊണ്ട് വരാൻ സാധിക്കൂ. അല്ലെങ്കിൽ പഴയ പരിപാടി പുതിയ ചട്ടിയിൽ എന്ന വ്യത്യാസം മാത്രമേ ഉണ്ടാവൂ'-ഒരാൾ കുറിച്ചു. 'നല്ല നിശ്ചയദാർഢ്യം ആത്മാർത്ഥതയും നിറഞ്ഞ ഒരു നേതൃത്വം കോൺഗ്രസിന് ഉണ്ടാകണമെന്നാണ് ഭൂരിപക്ഷം ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നത്. കോൺഗ്രസ് തകരരുത്. അത് ഉയർത്തുവരും എന്ന കാര്യത്തിൽ സംശയമില്ല ശശി തരൂരിന് അവസരം കൊടുക്കുന്നതാണ് യുവാക്കളുടെ ആവശ്യം'-മറ്റൊരാൾ കുറിച്ചു.


നിലപാട് പറഞ്ഞ് തരൂർ

പാർട്ടിയുടെ നിലവിലെ പ്രവർത്തനത്തിൽ തൃപ്തരാണെങ്കിൽ ഖാർഗെക്ക് വോട്ട് ചെയ്യണമെന്നും മാറ്റം വേണമെങ്കിൽ എന്നെ തിരഞ്ഞെടുക്കണമെന്നുമാണ് ശശി തരൂർ പറയുന്നത്. 'ഇതൊരു യുദ്ധമല്ല. ഞങ്ങൾ വ്യത്യസ്ത ചിന്താധാരകളിൽപ്പെട്ടവരാണ്. ഇനി അംഗങ്ങൾ തീരുമാനിക്കട്ടെ'-തരൂർ ശനിയാഴ്ച വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഞാൻ അംഗങ്ങളോട് പറയുന്നത് പാർട്ടിയുടെ പ്രവർത്തനത്തിൽ നിങ്ങൾ തൃപ്തനാണെങ്കിൽ ഖാർഗെ സാഹബിന് വോട്ട് ചെയ്യുക എന്നാണ്. എന്നാൽ മാറ്റം വേണമെങ്കിൽ എന്നെ തിരഞ്ഞെടുക്കുക'-തരൂർ കൂട്ടിച്ചേർത്തു. ജി 23 നേതാക്കളെ കണ്ടല്ല പാർട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് തരൂർ നേരത്തേ പറഞ്ഞിരുന്നു. പാർട്ടി നവീകരണം എന്നതാണ് തന്റെ എക്കാലത്തെയും നിലപാട്. നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്തും സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും രണ്ട് വർഷം മുൻപ് രംഗത്തുവന്ന തിരുത്തൽവാദി സംഘം (ജി 23) ഹൈക്കമാൻഡ് പിന്തുണയോടെ മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയെ പിന്തുണച്ചതിനു പിന്നാലെയായായിരുന്നു തരൂരിന്റെ പ്രതികരണം. 

Tags:    
News Summary - Hibi Eden MP shared Tharoor's picture; Hint that indirect support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.