ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവിസ്: അന്വേഷണത്തിന്​ ഹൈകോടതി നിർദേശം

കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവിസ് നടത്തുന്നുവെന്ന സ്വകാര്യ കമ്പനിയുടെ പരസ്യം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശം. എൻഹാൻസ് ഏവിയേഷൻ സർവിസസ് എന്ന സ്ഥാപനത്തിന്‍റെ വെബ്സൈറ്റിലെ പരസ്യം ശ്രദ്ധയിൽപെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. ശനിയാഴ്ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിച്ചത്. അന്വേഷണം നടത്തി തിങ്കളാഴ്‌ച റിപ്പോർട്ട് നൽകാനാണ് പത്തനംതിട്ട ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും നിർദേശം നൽകിയിരിക്കുന്നത്.

അനുമതിയില്ലാതെ ഹെലികോപ്റ്റർ സർവിസ് നടത്താനുള്ള നീക്കത്തിൽ പൊട്ടിത്തെറിച്ച കോടതി, ആരാണ് ഇതിന് അനുമതി നൽകിയതെന്ന് കമ്പനിയുടെ അഭിഭാഷകനോട് ആരാഞ്ഞു. 'ഹെലി കേരള' എന്ന വെബ്സൈറ്റിലുള്ള പരസ്യം നീക്കാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. കമ്പനി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. നിലക്കലിൽ ഹെലികോപ്‌ടർ സർവിസിന് അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് വെർച്വൽ ക്യൂ പ്ലാറ്റ് ഫോമിലും ഏവിയേഷൻ കമ്പനി അവരുടെ വെബ്സൈറ്റിലും വ്യക്തമാക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കേസിൽ കക്ഷിചേർത്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദീകരണം കഴിഞ്ഞ ദിവസം തേടിയിരുന്നു.

കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ നിലക്കലിലെത്തിക്കുന്ന ഭക്തരെ അവിടെനിന്ന് സന്നിധാനത്തേക്കു ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞ് തിരിച്ച് ഹെലികോപ്ടറിൽ കൊച്ചിയിൽ എത്തിക്കുമെന്നുമാണ് പരസ്യം. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയോ ദേവസ്വം ബോർഡിന്റെയോ അനുമതിയില്ലാതെ എങ്ങനെയാണ് സർവിസ് നടത്തുകയെന്ന് കോടതി വാക്കാൽ ചോദിച്ചു.

വിഷയം ഗൗരവമേറിയതാണെന്ന് കേന്ദ്രസർക്കാറും വിശദീകരിച്ചു. ഹൈകോടതി നിർദേശപ്രകാരം കമ്പനിയുടെ കാക്കനാട്ടെ വിലാസത്തിൽ നോട്ടീസ് നൽകാൻ ശ്രമിച്ചെങ്കിലും അങ്ങനൊരു ഓഫിസ് ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. 

Tags:    
News Summary - Helicopter service to Sabarimala: High court orders investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.