സംസ്ഥാനത്ത് കനത്ത മഴ, റാന്നി താലൂക്കിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടു; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം/കോട്ടയം/പത്തനംതിട്ട: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയും കടൽക്ഷോഭവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. വടക്കു പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'യാസ്' അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടതും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ് കനത്ത മഴക്ക് കാരണമാ‍യത്.

കനത്ത മഴയെ തുടർന്ന് ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. പെരിയാറിന്‍റെയും മുതിരപ്പുഴയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. അരയാണിലിമൺ, കുറുമ്പൻമൂഴി കോസ് വേകളിലും പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയർന്നതായും റിപ്പോർട്ട്.

റാന്നി താലൂക്കിൽ കനത്ത മഴയിൽ 500 കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. ഇവിടേക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം പുറപ്പെട്ടിട്ടുണ്ട്.

കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലൊഴികെയാണ് കനത്ത മഴ ലഭിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച മഴ തിരുവനന്തപുരത്തും കോട്ടയത്തും ഇപ്പോഴും തുടരുകയാണ്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്.

Tags:    
News Summary - Heavy rains in the state and sea level rise in coastal areas; Yellow alert in 11 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.