താമരശ്ശേരി ചുരം

വടക്കൻ കേരളത്തിലും മഴ കനക്കുന്നു; താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു

വൈത്തിരി/കോഴിക്കോട്/കണ്ണൂർ: വടക്കൻ കേരളത്തിലും മഴ കനക്കുന്നു. മഴ മാറിനിന്ന പകലിന് ശേഷം വൈകീട്ടോടെയാണ് പെയ്ത്ത് തുടങ്ങിയത്. കണ്ണൂരിലും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി മേഖലകളിലും ഇടിമിന്നലോടെയുള്ള കനത്ത മഴയാണ്. താമരശ്ശേരി ചുരത്തിൽ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞു.

വൈകീട്ട് ഏഴു മണിയോടെയാണ് ഒൻപതാം വളവിനു താഴെ കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. ഇതേ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഒറ്റ വരിയായാണ് വാഹനം കടത്തി വിട്ടിരുന്നത്. ഇതിനടുത്ത് തന്നെ തകരപ്പാടിയിൽ എട്ടു മണിയോടെ റോഡിനു കുറുകെ മരം വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കൽപ്പറ്റ അഗ്നിശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. അടിവാരം പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ഗതാഗതം നിയന്ത്രിച്ചു. 

കണ്ണൂരിലെ മലയോര മേഖലയിലടക്കം ശനിയാഴ്​ച ഉച്ചക്ക്​ ശേഷം ഇടിയോടുകൂടിയ കനത്തമഴയാണ്​. തീരദേശങ്ങളിൽ ചിലയിടങ്ങളിൽ രാത്രി മഴ ശക്തിപ്രാപിച്ചു. മലയോരത്ത്​ ഉരുൾപൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കാൻ നിർദേശമുണ്ട്​.

കണ്ണവം വനത്തിൽ ചെമ്പുക്കാവ് തെനിയാട്ടു മലയിൽ ഉരുൾപൊട്ടി പുഴയിൽ വെള്ളപ്പൊക്കമനുഭവപ്പെട്ടു. ചെമ്പുക്കാവിനു സമീപം പുഴ റോഡിലൂടെ ഗതിമാറി ഒഴുകി. താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം മിക്കയിടങ്ങളിലും തടസപ്പെട്ടു. ഞായറാഴ്​ച ജില്ലയിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. 

കോഴിക്കോട് മലയോരമേഖലയായ തിരുവമ്പാടിയിൽ കനത്ത മഴ അനുഭവപ്പെട്ടു. തിരുവമ്പാടി ടൗണിൽ വെള്ളം കയറി. 

Tags:    
News Summary - heavy rain in malabar districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.