സംസ്ഥാനത്ത്​ ഇന്നും നാളെയും കനത്തമഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്നും നാളെയും  കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലും മഴ ശക്തിപ്രാപിക്കാനാണ്​ സാധ്യത.

കോഴിക്കോട്, വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തിലും തിങ്കളാഴ്​ച രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 168.71 മീറ്ററാണ്. നാല് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.88 അടിയായി. 2,3,4 ഷട്ടറുകള്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ കക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. മാട്ടുപ്പട്ടി ഡാമി​​​െൻറ ഒരു ഷട്ടര്‍ ചൊവ്വാഴ്ച ഒമ്പത് മണിക്ക് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. മുതിരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്​. ബാണാസുര സാഗര്‍ അണക്കെട്ടി​​​െൻറ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കനത്ത മഴയെ തുടർന്ന്​ മലമ്പുഴ ആനക്കല്ല്, കല്ലിയറ വനമേഖലയിൽ ഉരുള്‍പൊട്ടലുണ്ടായി. മയിലാടിപ്പുഴയിലും കൊമ്പുതൂക്കി പുഴയിലും ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാമിലും ജലനിരപ്പ് കൂടി. ഇതോടെ ഡാമിന്‍റെ ഷട്ടറുകള്‍ 45 സെന്‍റമീറ്റര്‍ വരെ ഉയര്‍ത്തി. വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകള്‍ ഇന്ന് തുറക്കും.

കണ്ണൂരിൽ മലയോരത്ത് ശക്തമായ മഴ തുടരുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാംകടവിൽ രണ്ടു നടപ്പാലങ്ങൾ ഒഴുകിപ്പോയതിനെത്തുടർന്ന് 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു.

കോഴിക്കോട് ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയിൽ ശക്തമായ മലവെള്ളപാച്ചിലുണ്ടായി. മറിപ്പുഴ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയം. മറിപുഴയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലം ഒലിച്ചു പോയി. കനത്ത മലവെള്ളപാച്ചില്‍ ഇരുവഴിഞ്ഞി പുഴയില്‍ ജല നിരപ്പ് ഉയരുകയും ചെയ്തു. മുക്കം,മുത്തേരി,ആലുംതറ മേഖലകളിലുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.

കേരളം, കര്‍ണാടകം, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് ഈ സംസ്ഥാനങ്ങളില്‍ മഴക്ക്​ കാരണമെന്നാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  അറിയിക്കുന്നത്​.

Tags:    
News Summary - Heavy Rain continues - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.