പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ ചൂടും ജാഗ്രതാ മുന്നറിയിപ്പും തുടരുന്നതിനിടെ ഇന്ന് അൾട്രാവയലറ്റ് ഇൻഡക്സിൽ(യു.വി ഇൻഡക്സ്) അൽപ്പം കുറവ് രേഖപ്പെടുത്തി. ഇന്നലെ പാലക്കാട് ജില്ലയിൽ കനത്ത ചൂട് രേഖപ്പെടുത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും കൂടിയ റെക്കോർഡായി 39.8 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു ഇന്നലെ പാലക്കാട് രേഖപെടുത്തിയത്. ഇതിന് പിന്നാലെ വേനൽ മഴ ലഭിച്ചതാണ് യു.വി ഇൻഡക്സ് കുറയാനിടയാക്കിയത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് ചെറിയ മഴ ലഭിച്ചിരുന്നു. മാത്രമല്ല കനത്ത ചൂടിന് ആശ്വാസമായി ഇനി ഒരാഴ്ച എല്ലാ ജില്ലകളിലും പലയിടങ്ങളിലായി ഇടി മിന്നലോടു കൂടിയ വേനൽ മഴ ലഭിക്കാൻ സാധ്യതയെണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രാദേശികമായി ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കിയിൽ ഇന്ന് യു.വി ഇൻഡക്സ് 9 ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ എട്ടും രേഖപ്പെടുത്തി. കൊല്ലം, എരാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 6,7 ആണ് ഇന്ന് യു.വി ഇൻഡക്സ് രേഖപ്പെടുത്തിയത്. യു.വി ഇൻഡക്സ് 11 ന് മുകളിൽ ആയാൽ നേരിട്ടു വെയിൽ ശരീരത്തിൽ പതിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. എട്ടുമുതൽ 10 വരെ അനുഭവപ്പെടുമ്പോഴും അതീവ ജാഗ്രത പാലിക്കണം.
ഇന്നലെ കനത്ത ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നുണ്ട്. തൊഴിലാളികളുടെ പ്രവൃത്തിസമയവും പുനക്രമീകരിച്ചു നൽകിയിട്ടുണ്ട്. കനത്തചൂട് കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രതിസന്ധിയാവുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ പല പൊടിക്കൈകളും പ്രയോഗിച്ചാണ് സ്ഥാനാർഥികള്‍ പോട്ട് പിടിക്കാനിറങ്ങുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ പശ്ചിമ ബംഗാൾ മുതൽ തമിഴ്‌നാടിന്റെ തെക്കൻ ഭാഗം വരെ ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, കർണാടകയുടെ ഉൾപ്രദേശങ്ങൾ വഴി ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിൽ പലയിടങ്ങളിലായി മഴ സാധ്യത നൽകുന്നത്. വടക്കൻ ജില്ലകളിൽ ഇന്ന് കൂടുതൽ സാധ്യതയുണ്ട്. അതേ സമയം വടക്കൻ ചിലയിടങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട ചെറിയ മഴ ലഭിക്കുന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.