തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ അപകടവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച പ്രചാരവേലയാണ് മന്ത്രിമാർക്കെതിരെ നടക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കില്ലെന്നും സി.പി.എം. സ്വകാര്യ മേഖലക്കായി പൊതുജനാരോഗ്യ സംവിധാനങ്ങളെയാകെ ഇകഴ്ത്തിക്കാട്ടി ജനങ്ങൾക്കിടയിൽ തെറ്റായ ബോധം സൃഷ്ടിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് ദൗർഭാഗ്യകരമാണ്. മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകി സർക്കാർ ആശ്വാസ നടപടിയിലേക്ക് പോകണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാർത്ത സമ്മേളത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
എക്സ്കവേറ്റർ അപകടസ്ഥലത്തേക്ക് എത്തിക്കുന്ന വഴിയിലെ തടസ്സങ്ങൾ ഒഴിവാക്കാനുള്ള വൈകലല്ലാതെ രക്ഷാപ്രവർത്തനത്തിൽ കാലതാമസമുണ്ടായിട്ടില്ല. സൂപ്രണ്ട് അറിയിച്ച വിവരമാണ് മന്ത്രിമാർ ആദ്യം മാധ്യമങ്ങളോട് പങ്കുവെച്ചത്. അപ്പോൾ പോലും രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നില്ല. മരിച്ച സ്ത്രീയുടെ ഭർത്താവ് പോലും സർക്കാറിനെതിരെ വിമർശനമുന്നയിച്ചിട്ടില്ല. അങ്ങോട്ടേക്ക് രക്ഷാപ്രവർത്തനത്തിന് എത്താനുള്ള തടസ്സം മാത്രമാണ് അവർ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന സംഭവം വക്രീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ളതാണ്. എന്ത് പ്രശ്നം വന്നാലും പ്രതിപക്ഷം മന്ത്രിമാരുടെ രാജിയാണ് ആദ്യം ആവശ്യപ്പെടുക. അപകടത്തിൽ എനിക്കും നിങ്ങൾക്കുമുള്ള ധാർമിക ഉത്തരവാദിത്തം മാത്രമേ ആരോഗ്യമന്ത്രിക്കുമുള്ളൂവെന്നും രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിൽ അടിക്കടിയുള്ള പ്രശ്നങ്ങളുടെ കാരണം സിസ്റ്റത്തിന്‍റെ തകരാറാണെന്ന ആരോഗ്യമന്ത്രിയുടെ വാദം ചൂണ്ടിക്കാട്ടിയപ്പോൾ, സിസ്റ്റത്തിന്‍റെ തകരാർ പറയാൻ ക്ലാസെടുക്കേണ്ടിവരുമെന്നും അത് പിന്നീടാകാമെന്നുമായിരുന്നു മറുപടി. കേരള സർവകലാശാല വി.സി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് നീതിക്കെതിരായ കടന്നാക്രമണമാണെന്നും ഗവർണർമാരായ രാജേന്ദ്ര ആർലേക്കറിനെയും ആരിഫ് മുഹമ്മദ് ഖാനേയും താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.