'അയാൾ കഥയെഴുതുകയാണ് ശല്യപ്പെടുത്തേണ്ട'; ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് പി.വി അൻവർ

തിരുവനന്തപുരം: എം.എൽ.എ സ്ഥാനം രാജിവെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് പ്രതികരിച്ച് പി.വി അൻവർ. വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പി.വി അൻവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് ചോദ്യങ്ങളുയർന്നു. അപ്പോഴായിരുന്നു അൻവറിന്റെ പ്രതികരണം. നേരത്തെ അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ എതിർപ്പുമായി ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തിയിരുന്നു.

ആയാൾ കഥയെഴുതുകയാണെന്നും ശല്യപ്പെടുത്തേണ്ട കാര്യമില്ലെന്നുമായിരുന്നു ഷൗക്കത്തിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ അൻവറിന്റെ മറുപടി. ഷൗക്കത്തിനെ കണ്ടിട്ട് കുറേക്കാലമായി. മുമ്പ് കല്യാണ വീടുകളിൽ ഷൗക്കത്തിനെ കാണുമായിരുന്നു. ഇപ്പോൾ അതും കാണാറില്ല. സാംസ്കാരിക പ്രവർത്തനങ്ങളുമായി അദ്ദേഹം തിരക്കിലാണ്. വെറുതെ ഇതിലേക്ക് ആര്യാടൻ ഷൗക്കത്തിനെ പിടി​ച്ചിടേണ്ട കാര്യമില്ലെന്നും പി.വി അൻവർ പറഞ്ഞു.

നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്നങ്ങൾ അറിയുന്ന വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പി.വി അൻവർ. വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പി.വി അൻവർ ഉന്നയിച്ചത്.

മലയോര ജനത അനുഭവിക്കുന്ന വന്യജീവി പ്രശ്നം ഉൾപ്പടെയുള്ളവയെ കുറിച്ച് കൃത്യമായി അറിയുന്നയാളാണ് വി.എസ് ജോയ്. വി.എസ് ജോയി താനുമായി വന്യജീവി പ്രശ്നം നിരന്തരമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പോടെ രാജിവെച്ച് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊൽക്കത്തയിൽ മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദീദി എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന മമത രാജിവെക്കാൻ പറഞ്ഞത്.

സ്വതന്ത്രനായി ജയിച്ച് എം.എൽ.എയായതിനാൽ മറ്റൊരു പാർട്ടിയിൽ ചേരുമ്പോൾ നിയമപ്രശ്നങ്ങൾ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്നമായതിനാൽ കാലതാമസം പാടില്ലെന്നും ഉടൻ രാജിവെച്ച് പ്രവർത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ കഴിഞ്ഞ 11ന് (ശനിയാഴ്ച) തന്നെ സ്പീക്കർക്ക് രാജിക്കത്ത് ഇമെയിൽ ചെയ്തിരുന്നു. എന്നാൽ, നേരിട്ട് കൈമാറണമെന്ന നിർദേശം ലഭിച്ചതിനാലാണ് ​കൊൽക്കത്തയിൽനിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയതെന്നും പി.വി അൻവർ പറഞ്ഞു.

Tags:    
News Summary - 'He is writing a story, don't bother him'; PV Anwar about Aryadan Shoukath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.