ഹർത്താലിനിടെ അക്രമം: പോപുലർ ഫ്രണ്ട് നഷ്ടപരിഹാരം കെട്ടിവെക്കണം, ക്ലെയിംസ് കമീഷണറെ നിയമിച്ച് ഹൈകോടതി

കൊച്ചി: ഈ മാസം 23ന് നടത്തിയ മിന്നൽ ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിലെ നാശങ്ങൾക്ക് കണക്കാക്കിയ നഷ്ടപരിഹാര തുകയായ 5.20 കോടി രൂപ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രണ്ടാഴ്‌ചക്കകം കെട്ടിവെക്കണമെന്ന് ഹൈകോടതി. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചത് മുഖേന സർക്കാറിനും കെ.എസ്.ആർ.ടി.സിക്കുമുണ്ടായ നഷ്ടം സംബന്ധിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. തെളിവെടുത്ത് യഥാർഥ നഷ്ടം കണ്ടെത്താൻ ക്ലെയിം കമീഷണറെയും ഹൈകോടതി നിയോഗിച്ചു.

തുക കെട്ടിവെച്ചില്ലെങ്കിൽ സംഘടനയുടെയും സെക്രട്ടറിയടക്കം നേതാക്കളുടെയും സ്വത്തുക്കളിൽനിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം തുക കണ്ടുകെട്ടാൻ ആഭ്യന്തര സെക്രട്ടറി നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പി.എഫ്.ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസും ഇതോടൊപ്പം നഷ്ടപരിഹാരമാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നല്‍കിയ ഹരജിയും പരിഗണിച്ചാണ് ഉത്തരവ്.

ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും അനിഷ്ട സംഭവങ്ങൾക്കും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഹർത്താൽ പ്രഖ്യാപിച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറും ഉത്തരവാദികളാണ്.

ജനാധിപത്യ രാജ്യത്ത് ഓരോ പൗരനുമുള്ള അവകാശങ്ങളെ സഹപൗരൻമാരും മാനിക്കണം. ബഹുസ്വരമായ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികളെന്ന നിലയിൽ ഹർത്താൽ ആഹ്വാനം ചെയ്തവർ ഭരണഘടനാപരമായ കടമകൾ മറക്കരുത്. മിന്നൽ ഹർത്താൽ നടത്താൻ അണികളെ പ്രേരിപ്പിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിന്‍റെ നിയമപരമായ ഉത്തരവാദിത്തത്തിൽനിന്ന് ഇവർക്ക് ഒഴിയാനാവില്ലെന്ന് വ്യക്തമാക്കിയാണ് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച നടപടികൾക്ക് ഉത്തരവിട്ടത്.

അബ്ദുൾ സത്താറിനെ സംസ്ഥാനത്ത് മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ടെടുത്ത എല്ലാ കേസുകളിലും പ്രതിയാക്കാൻ കോടതി നിർദേശിച്ചു. പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ അധികമായി ഉൾപ്പെടുത്തണമെന്ന് മജിസ്ട്രേറ്റ് കോടതികൾക്കും നിർദേശം നൽകി. ക്ലെയിം കമീഷണർ അഡ്വ. പി.ഡി. ശാരംഗധരൻ മുഖേന നിലവിൽ കെട്ടിവെക്കുന്ന തുക അർഹർക്ക് വിതരണം ചെയ്യും.

നഷ്ടപരിഹാരം നൽകാനുള്ള തുക പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിക്കേണ്ടത്. ക്ലെയിം കമീഷണർക്ക് വേണ്ട ജീവനക്കാർ, ഓഫിസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സർക്കാർ ഒരുക്കണമെന്നും മൂന്നാഴ്ചക്കകം പ്രവർത്തനം തുടങ്ങണമെന്നും കോടതി നിർദേശിച്ചു. ഉത്തരവിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹരജി ഒക്ടോബർ 17ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Hartal Violence: Popular Front to freeze compensation, HC appoints claims commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.