കൊല്ലം: ഹാരിസണ്‍സ് മലയാളം കമ്പനി ഉടമസ്ഥരായ ബ്രിട്ടനിലെ മലയാളം പ്ളാന്‍േറഷന്‍സ് (ഹോള്‍ഡിങ്) കമ്പനി പിരിച്ചുവിട്ടു. ബ്രിട്ടനിലെ നിയമമനുസരിച്ച് ഭൂമിയടക്കം കമ്പനിയുടെ മുഴുവന്‍ സ്വത്തും അവിടുത്തെ സര്‍ക്കാറില്‍ ലയിപ്പിച്ചു. ഇതോടെ കേരളത്തില്‍ ഹാരിസണ്‍സ് മലയാളം കമ്പനി കൈവശംവെക്കുന്ന ലക്ഷത്തോളം ഏക്കര്‍ ഭൂമി തത്വത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വകയായി. ഫെബ്രുവരി 21നാണ് ഹാരിസണ്‍സിന്‍െറ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുന്ന മലയാളം പ്ളാന്‍േറഷന്‍സ് (ഹോള്‍ഡിങ്) എന്ന കമ്പനി പിരിച്ചുവിട്ടതായി ബ്രട്ടീഷ് കമ്പനി ഹൗസിന്‍െറ വിജ്ഞാപനം വന്നത്. ബ്രിട്ടീഷ് കമ്പനി നിയമം 1000 (3) അനുസരിച്ച് പിരിച്ചുവിടുന്നതായാണ് വിജ്ഞാപനത്തിലുള്ളത്. മലയാളം പ്ളാന്‍േറഷന്‍സി(ഹോള്‍ഡിങ്)ന്‍െറ 100 ശതമാനം ഓഹരികളും ആമ്പിള്‍ഡൗണ്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടേതാണ്. ആമ്പിള്‍ഡൗണ്‍ ആഗസ്റ്റ് 25ന് പിരിച്ചുവിട്ട് സ്വത്തുവകകള്‍ സര്‍ക്കാറില്‍ ലയിപ്പിച്ച് വിജ്ഞാപനമിറക്കിയിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് കമ്പനികള്‍ പരിച്ചുവിടുന്നതെന്ന് കരുതുന്നു.
തങ്ങള്‍ക്ക് ആസ്തിവകയായി ആകെയുള്ളത് 31ലക്ഷം രൂപ മാത്രമാണെന്നും ഭൂമി അടക്കം ബാക്കിസ്വത്തുക്കള്‍ ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ളാന്‍േറഷന്‍സിന്‍േറതാണെന്നുമാണ് ഹാരിസണ്‍സിന്‍െറ 2015-16 വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത്. ഇത് ശരിവെക്കുന്നതായിരുന്നു മലയാളം പ്ളാന്‍േറഷന്‍സിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട്. തങ്ങളുടെ ആസ്തിവകകള്‍ ഇന്ത്യന്‍ കമ്പനികളായ ഹാരിസണ്‍സ്, കൊല്‍ക്കത്ത ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (സെസ്ക്) എന്നിവയുടേതാണെന്നാണ് അതിലുള്ളത്. ഇതോടെ ഹാരിസണ്‍സ് വിദേശ കമ്പനിയാണെന്നും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചാണ് ഭൂമി കൈവശംവെക്കുന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം ശരിയെന്ന് വന്നിരുന്നു.
ഹാരിസണ്‍സ് വിദേശത്തേക്ക് പണം കടത്തുകയാണെന്നും കമ്പനിയുടെ യഥാര്‍ഥ ഉടമകള്‍ വിദേശികളാണെന്നും ചൂണ്ടിക്കാട്ടി ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാരിസണ്‍സില്‍ 19 ശതമാനം ഓഹരി പങ്കാളിത്തം മലയാളം പ്ളാന്‍േറഷന്‍സി(ഹോള്‍ഡിങ്)നുണ്ട്, ഹാരിസണ്‍സിന്‍െറ ഉടമ സഞ്ചീവ് ഗോയങ്ക മലയാളം പ്ളാന്‍േറഷന്‍സിന്‍െറയും ഡയറക്ടറാണ്, മലയാളം പ്ളാന്‍േറഷന്‍സിന്‍െറ 100 ശതമാനം ഓഹരികളും ആമ്പിള്‍ഡൗണ്‍ എന്ന കമ്പനിക്കാണ്, അതിന്‍െറ ഉടമ ആന്തണി ജാക് ഗിന്നസാണ്, ആമ്പിള്‍ഡൗണ്‍ നികുതിരഹിത നിക്ഷേപകരുടെ പറുദീസയെന്നറിയപ്പെടുന്ന ചാനല്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് എന്നീ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി രാജമാണിക്യം ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ശിപാര്‍ശചെയ്തിരുന്നു. ആ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അവഗിണിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് ഉസ്മാന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.