സീൻ മാറി! പിണക്കമെല്ലാം മറന്ന് ഹരീഷും ബാദുഷയും ഒന്നിച്ചു; വൈറലായി ‘കോംപ്രമൈസ്’ചിത്രം

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക തർക്കങ്ങൾക്കും അസ്വാരസ്യങ്ങൾക്കും ശുഭാന്ത്യം.

ഹരീഷ് കണാരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബാദുഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഒത്തുതീർപ്പിന്റെ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലി വലിയ രീതിയിലുള്ള സൈബർ ചർച്ചകളും ആക്ഷേപങ്ങളും നിലനിന്നിരുന്നു.

കൊച്ചിയിൽ നടന്ന സംവിധായകൻ ലിയോ തദേവൂസിന്റെ മകന്റെ വിവാഹ ചടങ്ങിലാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ഹരീഷ് കണാരൻ ഫോണിൽ വിളിച്ചതനുസരിച്ച് എറണാകുളത്തെ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ എത്തിയ ബാദുഷ, പിന്നീട് ഹരീഷിന്റെ വാഹനത്തിൽ ഒന്നിച്ചാണ് വിവാഹവേദിയിലേക്ക് പോയത്.

കലൂരിലെ ബാദുഷയുടെ ഓഫിസിലും അദ്ദേഹം സന്ദർശനം നടത്തി. വിവാഹ ചടങ്ങുകൾക്ക് ശേഷം ബാദുഷയുടെ ഫ്ലാറ്റിലെത്തിയ ഹരീഷ്, അവിടെ ചികിത്സയിൽ കഴിയുന്ന ബാദുഷയുടെ മാതാവിനെ സന്ദർശിച്ചു. ഈ കൂടിക്കാഴ്ചയിലാണ് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങൾ പറഞ്ഞുതീർത്തതും പുതിയ ധാരണയിലെത്തിയതും.

‘ഞങ്ങളുടെ ഇടയിലുള്ള എല്ലാ തെറ്റിദ്ധാരണകളും പറഞ്ഞു തീർക്കുകയും കൊടുക്കൽ വാങ്ങലുകളിൽ ഒരു ധാരണയിൽ എത്തുകയും ചെയ്തു. ഇത്രയും ദിവസം ചീത്ത പറയുവാനെങ്കിലും എന്നെ ഓർത്ത് കൊണ്ട് നിങ്ങൾ മാറ്റിവെച്ച ഓരോ സെക്കൻറുകൾക്കും ഹൃദയം നിറഞ്ഞ നന്ദി’- ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.

തങ്ങളെ പിന്തുണച്ചവർക്കും വിമർശിച്ചവർക്കും നന്ദി അറിയിച്ച ബാദുഷ, തങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടെയും പിന്തുണയും ഒപ്പം ക്രിയാത്മകമായ വിമർശനങ്ങളും പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.

ബാദുഷ തന്നിൽനിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയെന്നും അത് തിരികെ നൽകാതെ വഞ്ചിച്ചെന്നുമായിരുന്നു ഹരീഷ് കണാരന്റെ പ്രധാന ആരോപണം. പണം തിരികെ ചോദിച്ചതിന്റെ പേരിൽ ടൊവിനോ തോമസ് ചിത്രമുൾപ്പെടെയുള്ള പ്രോജക്റ്റുകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ബാദുഷ ഇടപെട്ടതായും ഹരീഷ് തുറന്നടിച്ചിരുന്നു.

എന്നാൽ, ഹരീഷിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ബാദുഷ പത്രസമ്മേളനം നടത്തിയിരുന്നു. 20 ലക്ഷമല്ല, മറിച്ച് 14 ലക്ഷം രൂപയാണ് വാങ്ങിയതെന്നും അതിൽ പകുതിയും തിരികെ നൽകിയെന്നും ബാദുഷ വിശദീകരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും പ്രഖ്യാപിച്ചതോടെ തർക്കം മുറുകുകയായിരുന്നു.

Tags:    
News Summary - Harish-Badusha Compromise: Money Row Settled After Wedding Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.