അച്ഛനെ കാണാൻ പറ്റാത്ത എന്ത്​ തെറ്റാണ്​ ബിനീഷ് കോടിയേരി ചെയ്​തത്​? -ഹരീഷ്​ പേരടി

കോഴിക്കോട്​: ബംഗളൂരു മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി 210 ദിവസം പിന്നിട്ട ബിനീഷ് കോടിയേരിക്ക്​ ജാമ്യം നിഷേധിക്കുന്നതിനെതിരെ നടൻ ഹരീഷ്​ പേരടി. അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളതെന്ന്​ ബിനീഷിന്‍റെ ചിത്രം പോസ്റ്റ്​ ചെയ്​ത്​ നടൻ ചോദിക്കുന്നു.

ബിനീഷിന്‍റെ മനുഷ്യാവകാശത്തിന്​ വേണ്ടി ശബ്​ദമുയർത്താത്ത പാർട്ടി പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർതതകരെയും പേരടി വിമർശിക്കുന്നുണ്ട്​. 'ഒരു പാട് മനുഷ്യാവകാശ മർദനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്‍റെ മകനായി എന്നതാണോ അയാളുടെ കുറ്റം... പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല...'' അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബര്‍ 11-നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പിതാവ്​ കോടിയേരി ബാലകൃഷ്​ണ​ന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബിനീഷ് കോടിയേരി ജാമ്യത്തിനായി കഴിഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അച്ഛന്‍റെ രോഗം ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയില്‍ കോടതിയെ ധരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ ഹരീഷ്​ പേരടിയുടെ പ്രതികരണം.

തുടർഭരണം ലഭിച്ചതി​െൻറ പേരിൽ മേയ്​ ഏഴിന്​ എ.കെ.ജി സെൻററിൽ കരിമരുന്ന്​ പ്രയോഗം നടത്തിയതിനെ വിമർശിച്ച്​ പേരടി എഴുതിയ ഫേസ്​ബുക്​ കുറിപ്പ്​ വൻ ചർച്ചയായിരുന്നു. ''38,460 രോഗികൾ പുതുതായി ഉണ്ടായ ദിവസം, 54 മരണങ്ങൾ നടന്ന ദിവസം, ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല '' എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്​. ഇതിനുപിന്നാലെയാണ്​ ബിനീഷിന്​ ജാമ്യം ആവശ്യപ്പെട്ട്​ രംഗത്തെത്തിയിരിക്കുന്നത്​.

ഫേസ്​ബുക്​ കുറിപ്പിന്‍റെ പൂർണ രൂപം:

ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?..അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?..കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ്?..

നിയമത്തിൻ്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ,പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?..ഒരു പാട് മനുഷ്യാവകാശ മർദ്ധനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിൻ്റെ മകനായി എന്നതാണോ അയാളുടെ കുറ്റം...പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല...

ഒരു പാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യൻ്റെ മനുഷ്യാവകാശത്തെ കാണുന്നില്ല...അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം...പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല ...

ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്...❤️

Tags:    
News Summary - hareesh peradi facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.