പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭുമായി ബന്ധമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി രമേശ് പിഷാരടി. യുവതിക്ക് നീതി ലഭ്യമാക്കാൻ പൊലീസും നിയമസംവിധാനങ്ങളും തയാറാകണം. പ്രശോഭിന്റെ കൗൺസിലർ സ്ഥാനം രാജിവെപ്പിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്.
പാലക്കാട് നഗരസഭ 24ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെയാണ് ദലിത് യുവതി പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതി മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമാക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ഇന്ന് രാവിലെയോടെ ടൗൺ പൊലീസ് സ്റ്റേഷനിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി സജീവ ചർച്ചയാക്കാനാണ് എൽ.ഡി.എഫ്-എൻ.ഡി.എ മുന്നണികളുടെ നീക്കം.
അതേസമയം, പീഡന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി അതിജീവിത. ഷാഫി പറമ്പിലിന്റെയും വി.കെ. ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയെന്നാണ് അതിജീവിതയുടെ ആരോപണം. തന്റെ മുന്നിവ്്‍ വെച്ച് പ്രശോഭ് ഷാഫിയെ വിഡിയോ കാൾ ചെയ്തു. തന്നെ ഷാഫി കണ്ടു. ആദ്യം മോശമായി പെരുമാറിയത് പ്രശോഭിന്റെ അച്ഛനാണ്. കൈയിലുള്ള തെളിവുകൾ പൊലീസിന് കൈമാറി. പരാതി നൽകിയ ശേഷം ഫോൺ ഓഫാക്കി. അതുകൊണ്ട് ആരും എന്നെ ബന്ധപ്പെട്ടില്ല. തനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും ചോദിക്കാൻ ആരും വരില്ലെന്നും ഇപ്പോഴും പേടിയാണെന്നും അതിജീവിത പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണിതെന്ന് പാലക്കാട് ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെ അറസ്റ്റ് ചെയ്യണം. നടപടിയുണ്ടായില്ലെങ്കിൽ കുറ്റകാരൻ വീട്ടിൽനിന്നും പുറത്തിറങ്ങില്ലെന്നും ഇതുമായി ബന്ധപ്പെട്ട് എസ്.പിയെ നേരിൽ കാണുമെന്നും അറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരവുമായി രംഗത്തിറങ്ങുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ പീഡന പരാതിയുയർന്ന് കേസായി ഒളിവിൽ പോവുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിനായി വോട്ടു ചെയ്യാനാണ് രാഹുൽ പിന്നീട് വന്നത്. തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ആദ്യം കാണാൻ പോയതും രാഹുലിനെയാണ്. ഇപ്പോഴും രാഹുൽ മാങ്കൂട്ടവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.