ഹനീഫ് മൗലവിയുടെ മോചനം: മകനെ തിരികെ ലഭിച്ചതില്‍ മതിമറന്ന് ആസ്യ ഉമ്മ

കല്‍പറ്റ: മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍നിന്ന് ഹനീഫ് മൗലവി ജാമ്യം ലഭിച്ച് പുറത്തുവരുമ്പോള്‍ ഭാര്യ ഹസീനക്കത് വൈകിയത്തെിയ വിവാഹവാര്‍ഷിക സമ്മാനം. മധുവിധു നാളുകള്‍ കൊഴിയും മുമ്പായിരുന്നു യുവാക്കളെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ തലശ്ശേരിയില്‍നിന്ന് ഹനീഫ് മൗലവിയെ പൊലീസ് കൊണ്ടുപോയത്. 2016 ഫെബ്രുവരി ഏഴിനായിരുന്നു വിവാഹം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിവാഹത്തിന്‍െറ ഒന്നാം വാര്‍ഷിക ദിനത്തിലും അകലെ കാരിരുമ്പഴികളില്‍ കഴിയുന്ന പ്രിയതമനെയോര്‍ത്ത് കമ്പളക്കാട്ടെ വീട്ടില്‍ കണ്ണീരൊഴുക്കി കഴിയുകയായിരുന്നു ഹസീന. എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതായതോടെ വെള്ളിയാഴ്ച കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. വിവരം അറിഞ്ഞതോടെ ഒമ്പതുമാസം ഗര്‍ഭിണിയായ ഹസീന ആശ്വാസത്തിലാണ്. നിരപരാധിത്വം തെളിയിച്ച് തിരിച്ചത്തെുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായിരുന്നു അവര്‍.
മാസങ്ങളായി ദു$ഖം ഘനീഭവിച്ചു കിടന്ന വയനാട് ഒന്നാംമൈലിലെ തൊട്ടിമ്മല്‍ വീട്ടില്‍ മോചനമറിഞ്ഞതോടെ ആമോദം പൂത്തു. മുംബൈയില്‍നിന്ന് ബസില്‍ പുറപ്പെട്ട ഹനീഫ് മൗലവി തിങ്കളാഴ്ച പുലര്‍ച്ചയോടെയേ വീട്ടിലത്തെൂ. ഇക്കാക്ക വരുന്ന വിവരമറിഞ്ഞ് സഹോദരിമാരായ ഖദീജയും സീനത്തുമൊക്കെ ഭര്‍തൃവീടുകളില്‍നിന്ന് വെള്ളിയാഴ്ചതന്നെ എത്തി.
മൗലവിയുടെ മാതാവ് ആസ്യയുടെ കണ്ണീര്‍ ചാലിട്ട കണ്ണുകളിലിപ്പോള്‍ പൊന്നുമോനെ കാണാനുള്ള തിടുക്കമാണ്.
‘‘ഉറങ്ങീട്ട് എത്ര ദിവസമായി. അവന്‍െറ കാര്യം ഓര്‍ത്തിട്ട് ഉറക്കം വരില്ല്യാ. ഇങ്ങനെ കൊണ്ടുപോയാല്‍ പിന്നെ രക്ഷപ്പെടൂല എന്നല്ളേ എല്ലാരും പറഞ്ഞത്. കഷ്ടകാലം തന്നെയായിരുന്നു ആറുമാസം. അതിനിടക്ക് മൂന്നാഴ്ചമുമ്പ് എന്‍െറ ഉമ്മ മരിച്ചു. സങ്കടങ്ങള്‍ക്കിടയിലാണ് ഉമ്മ മരണപ്പെട്ടത്. വലിയുമ്മയുടെ മയ്യിത്ത് കാണാനും അവന് സാധിച്ചില്ല. മൂന്നുനാലു പ്രാവശ്യം അവന്‍െറ അനുജന്മാര്‍ ജയിലില്‍ പോയി കണ്ടിരുന്നു. ഇതു മാത്രമായിരുന്നു ആശ്വാസം. ആറു മാസം ഒരു കൊല്ലംപോലെയാ പോയത്. നേര്‍ച്ച ചെയ്തും ഖുര്‍ആന്‍ ഓതിയും പ്രാര്‍ഥിച്ചുമാണ് ഈ ദിവസങ്ങള്‍ കഴിച്ചൂകൂട്ടിയത്.
ഇന്നലെ ജാമ്യത്തിലിറങ്ങി ഇങ്ങോട്ട് ഫോണ്‍ വിളിച്ചപ്പോഴാണ് സമാധാനമായത്. ശബ്ദം കേള്‍ക്കാനായല്ളോ. എന്തായിട്ടുണ്ടാവും അവന്‍െറ കോലം റബ്ബേ... ’ മോചിതനായി എത്തുന്ന മകനെ കാണാനുള്ള കൊതിയുമായി ആ ഉമ്മ കാത്തിരിക്കുകയാണ്. നിരപരാധിയായി തന്‍െറ മകന്‍ ആറുമാസത്തോളം ജയിലില്‍ കിടന്നിട്ടും ആശ്വസിപ്പിക്കാനോ വിവരങ്ങള്‍ അന്വേഷിക്കാനോ രാഷ്ട്രീക്കാരോ സംഘടനകളോ വന്നിട്ടില്ളെന്ന് അവര്‍ പറഞ്ഞു. ‘രാഷ്ട്രീയം കൊണ്ടൊന്നും ഒരു കാര്യവുമില്ല.
പിന്നെ, ഇ.ടി. മുഹമ്മദ് ബഷീറാണ് മോന്‍െറ മോചനത്തിന് നല്ളോണം സഹായിച്ചത്. അതിനൊരുപാട് കടപ്പാടുണ്ട്. പടച്ചോന്‍ അതിന് പ്രതിഫലം നല്‍കട്ടെ.’’ ഇത്രയും കാലം നിരപരാധിയായി തടവിലിട്ടതിന് എന്ത് നഷ്ടപരിഹാരം നല്‍കുമെന്നാണ് അവര്‍ ഒന്നടങ്കം ചോദിക്കുന്നത്. 

Tags:    
News Summary - haneef moulavi's release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.