പാതിവിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ, സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ കണ്ടെത്തിയതായി സൂചന. വിവിധ സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ചും റെയ്ഡ് നടത്തി.
തിരുവനന്തപുരത്തും ഇടുക്കിയിലും എറണാകുളത്തുമാണ് ഇ.ഡിയും ക്രൈംബ്രാഞ്ചും ചൊവ്വാഴ്ച വിശദ പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് ശാസ്തമംഗലം സായി ഗ്രാമം സഹകരണ സംഘം ഓഫിസ്, സമീപത്തെ ആനന്ദകുമാറിന്റെ വീട്, തോന്നയ്ക്കലിലെ സായി ഗ്രാമം ആസ്ഥാനം എന്നിവിടങ്ങളിലായിരുന്നു ഇ.ഡി പരിശോധന. തട്ടിപ്പിൽ ആനന്ദകുമാറിന്റെ പങ്ക് തെളിയിക്കാനാവശ്യമായ നിർണായക രേഖകൾ ലഭച്ചുവെന്നാണ് സൂചന. മുഖ്യപ്രതി അനന്തുകൃഷ്ണനുമായി ബന്ധപ്പെട്ട രണ്ടരക്കോടി രൂപ ആനന്ദകുമാറിന് ലഭിച്ചതിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ ലഭിച്ചതായാണ് വിവരം.
കൊച്ചിയിൽ, കോൺഗ്രസ് നേതാവ് അഡ്വ. ലാലി വിൻെസന്റിന്റെ വീട്ടിൽ ഇ.ഡിയും അനന്തു കൃഷ്ണന്റെ സ്ഥാപനത്തിൽ ക്രൈംബ്രാഞ്ചുമാണ് പരിശോധന നടത്തിയത്. അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്ര ഏഴാംമൈലിലെ ഓഫിസിലും വീട്ടിലും ഇ.ഡി റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ, അസി. ഡയറക്ടർ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ഏഴരയോടെ ലാലി വിൻസെന്റിന്റെ ഫ്ലാറ്റിലെത്തിയ അഞ്ചംഗ ഇ.ഡി സംഘത്തിന്റെ പരിശോധന മണിക്കൂറുകൾ നീണ്ടു. സമീപത്തെ അശോക ഫ്ലാറ്റിൽ അനന്തു കൃഷ്ണന് മൂന്ന് ഫ്ലാറ്റുണ്ട്. ഇയാളുടെ അക്കൗണ്ടിൽനിന്ന് ലാലിയുടെ അക്കൗണ്ടിലെത്തിയ 46 ലക്ഷത്തെക്കുറിച്ചാണ് അന്വേഷണം. രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണത്തിന്റെ വിശദാംശങ്ങളും തട്ടിപ്പിൽ കള്ളപ്പണ ഇടപാട് നന്നിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.
കടവന്ത്രയിൽ അനന്തുവിന്റെ സോഷ്യൽ ബി വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ദിവസങ്ങളായി നടക്കുന്ന പരിശോധനകളുടെ തുടർച്ചയാണിതെന്ന് എസ്.പി പറഞ്ഞു. സ്ഥാപനത്തിന്റെ 11 അക്കൗണ്ടിലായി എത്തിയ 548 കോടി എങ്ങനെ ചെലവഴിച്ചു എന്നാണ് പരിശോധിക്കുന്നത്. ഇതിനിടെ, സോഷ്യൽ ബി വെഞ്ചേഴ്സ് ഉൾപ്പെടെ കൊച്ചിയിൽ നാലിടത്ത് പരിശോധനക്കെത്തിയ ഇ.ഡി സംഘത്തെ ക്രൈംബ്രാഞ്ച് മടക്കിയയച്ചു. അന്വേഷണഭാഗമായി മുദ്രവെച്ച സ്ഥലങ്ങളായതിനാൽ പരിശോധന അനുവദിക്കാനാവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.